റഫേല്‍ അന്വേഷണം: സുപ്രിംകോടതിയില്‍ ഇന്ന് നിര്‍ണായക വിധി

ചില മാധ്യമങ്ങളില്‍ വന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷ്ടിച്ചതാണെന്നും അതിനാല്‍ പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു

Update: 2019-04-10 00:40 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച കേസില്‍ സുപ്രിംകോടതി ഇന്ന് നിര്‍ണായക വിധി പറയും. പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷണം പോയെന്നും അതീവ രഹസ്യമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വിശേഷിപ്പിച്ച രേഖകള്‍ പുനപരിശോധനാ ഹരജികള്‍ക്കൊപ്പം പരിഗണിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വിധി പറയുക. നേരത്തേ, ചില മാധ്യമങ്ങളില്‍ വന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷ്ടിച്ചതാണെന്നും അതിനാല്‍ പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ഹരജികള്‍ നിലനില്‍ക്കുമോയെന്നും കേസ് പുനപരിശോധിക്കണോ എന്നും കോടതി ഇന്ന് വ്യക്തമാക്കിയേക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മോദി സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഇന്നത്തെ സുപ്രിംകോടതി ഇടപെടല്‍ ഏറെ നിര്‍ണായകമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. റഫേല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ ദി ഹിന്ദു ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണു പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും രേഖകള്‍ മോഷ്ടിച്ചതാണെന്നും സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി വാദിച്ചിരുന്നു.






Tags:    

Similar News