കൊല്‍ക്കത്ത ബലാല്‍സംഗക്കൊല; ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി ജന്തര്‍മന്തറില്‍
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍സ്(എഫ്‌ഐഎംഎ) ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തി. ഈ മാസം ആദ്യം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മൃതദേഹം കണ്ടെത്തിയ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. ഭയാനകവും ക്രൂരവുമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട സുരക്ഷാ നിയമങ്ങള്‍ വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ട്രെയിനി ഡോക്ടറുടെ ബലാല്‍സംഗക്കൊല വന്‍ പ്രതിഷേധത്തിനിടയാക്കുകയും രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കുകയും ചെയ്തു. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം സിബി ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ആശുപത്രിയിലെ സിവിക് വോളന്റിയര്‍ സഞ്ജയ് റോയിയെയാണ് അറസ്റ്റ് ചെയ്തത്.