തൃശൂരില്‍ വിജയിക്കും, ബിജെപി മൂന്നാമതാകും: ടി എന്‍ പ്രതാപന്‍
കെപിസിസി നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് താന്‍ ആശങ്ക അറിയിച്ചെന്ന വാര്‍ത്ത ടി എന്‍ പ്രതാപന്‍ നിഷേധിച്ചു. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം തൃശൂരില്‍ യുഡിഎഫിന് ലഭിക്കും. ഇടത് പക്ഷം രണ്ടാം സ്ഥാനത്തായിരിക്കുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃശൂരില്‍ താന്‍ തന്നെ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. വിജയസാധ്യതയില്‍ ആശങ്കയില്ല. മണ്ഡലത്തില്‍ ബിജെപി മൂന്നാമതാകുമെന്നും പ്രതാപന്‍ പറഞ്ഞു. കെപിസിസി നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് താന്‍ ആശങ്ക അറിയിച്ചെന്ന വാര്‍ത്ത ടി എന്‍ പ്രതാപന്‍ നിഷേധിച്ചു. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം തൃശൂരില്‍ യുഡിഎഫിന് ലഭിക്കും. ഇടത് പക്ഷം രണ്ടാം സ്ഥാനത്തായിരിക്കുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായെന്ന് പ്രതാപന്‍ പറഞ്ഞതായായിരുന്നു ഇന്നലെ പുറത്ത് വന്ന വാര്‍ത്തകള്‍. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടാകാമെന്നു പറഞ്ഞ പ്രതാപന്‍ ഒരുപക്ഷേ നെഗറ്റീവ് വാര്‍ത്തയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതിന്റെ ഇര താനാണ്. രാഹുല്‍ വന്നതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ നിന്ന് വയനാട്ടിലേക്ക് പോയത്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ തൃശൂരില്‍ ഒന്നരലക്ഷം വോട്ട് ഭൂരിപക്ഷത്തിന് താന്‍ വിജയിക്കുമായിരുന്നതായി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ച ടി എന്‍ പ്രതാപന്‍ താന്‍ വിജയിക്കുമെന്ന പ്രതീക്ഷയും അറിയിച്ചു.