'ഫാഷിസ്റ്റ് കാലത്തെ സസ്‌പെന്‍ഷന്‍ ആത്മാഭിമാനത്തിന്റെ പതക്കം'; പോരാട്ടം തുടരുമെന്ന് ടി എന്‍ പ്രതാപന്‍
കോഴിക്കോട്: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എംപി. സസ്‌പെന്‍ഷന്‍ നടപടികള്‍ കൊണ്ട് പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'ഈ ഫാഷിസ്റ്റ് കാലത്ത് ഈ സസ്‌പെന്‍ഷനൊക്കെ എനിക്ക് ആത്മാഭിമാനത്തിന്റെ പതക്കമാണ്. ജനങ്ങള്‍ എന്നെ അയച്ചത് നീതിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കാനാണ്! ഞാനത് ചെയ്യും. പേടിക്കില്ല; പോരാട്ടത്തിന് അവധിയുമില്ല'. പ്രതാപന്‍ കുറിച്ചു.
ലോക്‌സഭയില്‍ പ്രതിഷേധിച്ചതിനാണ് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തത്. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്‌പെന്റ് ചെയ്തത്. ഈ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സസ്‌പെന്റ് ചെയ്തത്. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നത് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് മറികടന്നതിനാണ് എംപിമാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. ജിഎസ്ടി വര്‍ധനവും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് സ്പീക്കര്‍ തള്ളിയതോടെയാണ് പ്രതിപക്ഷ എംപിമാര്‍ പ്ലക്കാര്‍ഡുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രാജ്യത്ത് എന്തൊക്കെ അക്രമം നടന്നാലും, ഏതൊക്കെ ജനകീയ പ്രശ്ങ്ങള്‍ ഉണ്ടായാലും പഞ്ചപുച്ഛമടക്കി മിണ്ടാതെ ഇരിക്കുന്ന പ്രതിപക്ഷമാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? പ്രതിഷേധ വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയാക്കിയും പ്രതിഷേധം തന്നെ ഇല്ലാതാക്കാന്‍ നോക്കിയും ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനാണോ ബിജെപി ശ്രമിക്കുന്നത്!
ദിനേനയെന്നോണം വിലകയറുമ്പോള്‍, ഭക്ഷണവും ഇന്ധനവുമടക്കം എല്ലാം സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറത്താവുമ്പോള്‍ പ്രതിഷേധം പ്രതിപക്ഷത്തിന്റെ കടമയാണ്. വിലക്കയറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചക്കു പോലും ധൈര്യമില്ലാത്ത വിധം സാമ്പത്തിക മേഖലയുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് നഷ്ടമായിരിക്കുകയാണ്. അദാനി ലോക സമ്പന്നനായി പടികയറുമ്പോള്‍ പട്ടിണിക്കാരുടെ എണ്ണത്തില്‍ നമ്മുടെ രാജ്യം പാതാളത്തിലേക്കാണ് ഇറങ്ങുന്നത്.
വിഷയത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധമുണ്ട്. ഇന്നത്തെ പ്രതിഷേധത്തിന്റെ പേരില്‍ ഭീരുക്കളായ ബിജെപി സര്‍ക്കാര്‍ എന്നെയും സഹപ്രവര്‍ത്തകരായ മാണിക്കം ടാഗോര്‍, ജ്യോതിമണി, രമ്യ ഹരിദാസ് തുടങ്ങിയവരെയും ലോകസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇത് നാലാം തവണയാണ് ന്യായത്തിന് വേണ്ടി നിലകൊണ്ടതിന് എന്നെ ഇവര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഈ ഫാഷിസ്റ്റ് കാലത്ത് ഈ സസ്‌പെന്‍ഷനൊക്കെ എനിക്ക് ആത്മാഭിമാനത്തിന്റെ പതക്കമാണ്. ജനങ്ങള്‍ എന്നെ അയച്ചത് നീതിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കാനാണ്! ഞാനത് ചെയ്യും. പേടിക്കില്ല; പോരാട്ടത്തിന് അവധിയുമില്ല.