കുഴിച്ച് കുഴിച്ച് അവര്‍ അവസാനം സ്വന്തം സര്‍ക്കാറിന്റെ അടിവേര് തോണ്ടും: അഖിലേഷ് യാദവ്

Update: 2024-12-24 06:05 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ തുടര്‍ച്ചയായ ഖനനം ഒടുവില്‍ സ്വന്തം സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംഭല്‍ ജില്ലയിലെ ചന്ദൗസി പ്രദേശത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) 400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 'ബാവോലി' (പടിക്കിണര്‍) കണ്ടെത്തിയതായി ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇതിനേ തുടര്‍ന്നാണ് പരാമര്‍ശം.

''അവര്‍ ഇതുപോലെ തിരഞ്ഞുകൊണ്ടേയിരിക്കും, ഒരു ദിവസം, കുഴിച്ച് കുഴിച്ച്, അവര്‍ അവസാനം സ്വന്തം സര്‍ക്കാറിന്റെ അടിവേര് തോണ്ടും' അഖിലേഷ് യാദവ് പറഞ്ഞു. സനാതന്‍ സേവക് സംഘത്തിന്റെ ഒരു ഭാരവാഹിയാണ് പ്രദേശത്ത് പടിക്കിണറിനുള്ള സാധ്യതയെക്കുറിച്ച് അധികൃതരെ അറിയിച്ചത്. പ്രദേശത്ത് ഒരു 'ബാവോലി' ഉണ്ടെന്ന് അറിഞ്ഞയുടന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അത് തുടരുമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര്‍ സോങ്കര്‍ പറഞ്ഞു. 150 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ നിര്‍മിതിയെന്നാണ് അധികൃതര്‍ പറയുന്നത്. 46 വര്‍ഷമായി അടച്ചിട്ടിരുന്ന പ്രദേശത്തെ ഒരു ശിവ-ഹനുമാന്‍ ക്ഷേത്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കണ്ടെത്തല്‍.

400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച നാല് അറകളുള്ളതുമായ 'ബവോലി' കണ്ടെത്തിയതായി ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ സ്ഥിരീകരിച്ചിരുന്നു. 'മാര്‍ബിളും ഇഷ്ടികയും കൊണ്ട് നിര്‍മ്മിച്ച നിലകള്‍ കാണുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളാണ് പ്രധാനമായും മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, മുകളിലത്തെ നിലകള്‍ ഇഷ്ടിക കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്,' പെന്‍സിയ വിശദീകരിച്ചു. ബിലാരി രാജാവിന്റെ മുത്തച്ഛന്റെ കാലത്ത് നിര്‍മ്മിച്ചതാണ് ഈ ബാവോലി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News