എസ്ഡിപിഐ സ്ഥാനാര്‍ഥിയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി പെരിങ്ങമല നിവാസികള്‍

ഇന്നുരാവിലെ പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ സമരപന്തലില്‍ നിന്നുമാണ് സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായിലിന്റെ മണ്ഡലപര്യടനം ആരംഭിച്ചത്. മാലിന്യത്തില്‍ മുക്കി ഒരുജനതയെ ഒന്നടങ്കം ഇല്ലായ്മ ചെയ്യരുതെന്ന് സ്വീകരണം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

Update: 2019-03-24 08:03 GMT
പെരിങ്ങല മാലിന്യപ്ലാന്റ് സന്ദര്‍ശിക്കാനെത്തിയ ആറ്റിങ്ങല്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി അജ്മല്‍ ഇസമായിലിന് നല്‍കിയ സ്വീകരണം

ആറ്റിങ്ങല്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായിലിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി പെരിങ്ങമല നിവാസികള്‍. ഇന്നുരാവിലെ പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ സമരപന്തലില്‍ നിന്നുമാണ് സ്ഥാനാര്‍ഥിയുടെ പര്യടനം ആരംഭിച്ചത്. യഥാര്‍ഥ ബദലിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മണ്ഡലത്തിലെ സ്ത്രീ-പുരുഷ വോട്ടര്‍മാരും കന്നി വോട്ടര്‍മാരും എസ്ഡിപിഐക്ക് ഒപ്പം അണിനിരന്ന് വലിയ പിന്തുണയാണ് നല്‍കുന്നത്. മാലിന്യത്തില്‍ മുക്കി ഒരുജനതയെ ഒന്നടങ്കം ഇല്ലായ്മ ചെയ്യരുതെന്ന് സമരപ്പന്തലിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷം അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.

മാലിന്യത്തില്‍ നിന്നും തങ്ങളുടെ നാടിനെ രക്ഷിക്കാനുള്ള ഒരു ജനതയുടെ സമരം ആരംഭിച്ചിട്ട് 270 ദിനങ്ങള്‍ പിന്നിടുന്നു. വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ ഒരുഗ്രാമം മുഴുവന്‍ ഊണും ഉറക്കവുമില്ലാതെ തങ്ങളുടെ നാടുകാക്കാന്‍ കാവലിരിക്കുന്നു. ജനപ്രതിനിധികള്‍ ഒന്നടങ്കം കണ്ണടച്ചതോടെയാണ് തലസ്ഥാന ജില്ലയിലെ മുഴുവന്‍ മാലിന്യങ്ങളും തള്ളാന്‍ പെരിങ്ങമല പഞ്ചായത്തിലെ ഒരുപറ പ്രദേശം തിരഞ്ഞെടുത്തത്. ജൈവ കലവറയാല്‍ സമ്പുഷ്ടമായ ഒരു ഗ്രാമത്തെ കുപ്പത്തൊട്ടിയാക്കാനുള്ള ശ്രമം. ഇതിനെതിരേ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും കണ്ണുതുറക്കാത്ത സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ കരുനീക്കങ്ങള്‍ നടത്തുകയാണ്. എസ്ഡിപിഐക്ക് തെരഞ്ഞെടുപ്പിന്റെ പ്രചരണം ഇവിടെ നിന്നല്ലാതെ കഴിയില്ലെന്നും അജ്മല്‍ പറഞ്ഞു.


പെരിങ്ങമ്മലയേത് ഒരു ജനതയുടെ ജീവന്‍ മരണ പോരാട്ടമാണ്. എന്നും ജനകീയ സരമങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന ചരിത്രമാണ് എസ്ഡിപിഐക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ബയോമെഡിക്കല്‍ മാലിന്യപ്ലാന്റ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ജനകീയ ചെറുത്തുനില്‍പ്പിലൂടെ തടഞ്ഞിരുന്നു. തുടര്‍ന്നാണ് മറ്റൊരു മാലിന്യപ്ലാന്റിന് ചരടുവലികള്‍ ആരംഭിച്ചത്. ജില്ലാപ്പഞ്ചായത്തിലെ ജനപ്രതിനിധിയായ ഭരണകക്ഷി നേതാവാണ് ഇതിനുപിന്നിലെന്നാണ് ആക്ഷേപം.

സിപിഎമ്മിലെ എ സമ്പത്ത് എംപി, ഡി കെ മുരളി എംഎല്‍എ എന്നിവരാണ് ഇവിടെനിന്നുള്ള ജനപ്രതിനിധികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുപോലും ഇവരാരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രതിഷേധത്തിന്റെ ആദ്യഘട്ടം മുതല്‍ എസ്ഡിപിഐ ജനങ്ങളോടൊപ്പം സമരമുഖത്തുണ്ട്. വിജയിച്ചെത്തിയാല്‍ മാലിന്യപ്ലാന്റ് യാഥാര്‍ത്ഥ്യമാക്കില്ലെന്ന ഉറപ്പും സമരപ്പന്തല്‍ സന്ദര്‍ശിച്ച അജ്മല്‍ ഇസ്മായില്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.


കഴിഞ്ഞദിവസം വെമ്പായത്ത് ചേര്‍ന്ന ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എസ്ഡിപിഐ സംസ്ഥാന വൈസ്പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും മുരടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന വികസനം, കുടിവെള്ള പ്രശ്‌നം, ഭവനരഹിതരുടെ പ്രശ്‌നം, റയില്‍വേ അവഗണന തുടങ്ങിയവയാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍. എസ്ഡിപിഐ ഇക്കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, ജില്ല പ്രസിഡന്റ് സിയാദ് കണ്ടല, ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, ഇ സുല്‍ഫി, ശൈലജ നുജൂം, കുന്നില്‍ ഷാജഹാന്‍ സംസാരിച്ചു.

Tags:    

Similar News