മലയോരമണ്ണില്‍ ഇക്കുറി പോരാട്ടം കടുക്കും
പ്രളയാനന്തരമുണ്ടായ കാര്‍ഷികപ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളുമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം, എറണാകുളത്തെ കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വിശാലമായ ഇടുക്കി ലോക്‌സഭാ മണ്ഡലം. ഭൂരിഭാഗവും കാര്‍ഷികമേഖല. പീരുമേട്ടിലും ദേവികുളത്തും തോട്ടംതൊഴിലാളികളായ തമിഴ് വംശജര്‍ ഏറെയുണ്ട്. എന്നാല്‍, മണ്ഡലത്തില്‍ റോമന്‍ കത്തോലിക്കരാണ് ഭൂരിപക്ഷം. ഈഴവ വോട്ടുകള്‍ക്കും വലിയ സ്വാധീനമുണ്ട്.
ഇടുക്കി: മലയോരക്കുളിരിനൊപ്പം വിവാദച്ചൂടും കൂടെപ്പിറപ്പായ ലോക്‌സഭാ മണ്ഡലമാണ് ഇടുക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കത്തിക്കയറിയത് കസ്തൂരിരംഗന്‍ റിപോര്‍ട്ടിനെച്ചൊല്ലിയുള്ള അലയൊലികളായിരുന്നു. ഇത്തവണ അതത്ര ഏശില്ല. പ്രളയാനന്തരമുണ്ടായ കാര്‍ഷികപ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളുമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം, എറണാകുളത്തെ കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വിശാലമായ ഇടുക്കി ലോക്‌സഭാ മണ്ഡലം. ഭൂരിഭാഗവും കാര്‍ഷികമേഖല. പീരുമേട്ടിലും ദേവികുളത്തും തോട്ടംതൊഴിലാളികളായ തമിഴ് വംശജര്‍ ഏറെയുണ്ട്. എന്നാല്‍, മണ്ഡലത്തില്‍ റോമന്‍ കത്തോലിക്കരാണ് ഭൂരിപക്ഷം. ഈഴവ വോട്ടുകള്‍ക്കും വലിയ സ്വാധീനമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ പൊതുവേ യുഡിഎഫിന് അനുകൂലമാണ് ഇടുക്കി. എന്നാല്‍, ഇടയ്ക്കിടയ്ക്ക് ഇടതുപക്ഷത്തെ പുല്‍കാറുമുണ്ട്.
കഴിഞ്ഞതവണ കസ്തൂരിരംഗന്‍ മുന്‍നിര്‍ത്തി ജോയ്‌സ് ജോര്‍ജ് എംപി നേടിയ അട്ടിമറി വിജയം പരിശോധിച്ചാല്‍ ഈ മണ്ഡലത്തിന്റെ മലക്കംമറിച്ചില്‍ സ്വഭാവം വ്യക്തമാവും. കോണ്‍ഗ്രസിന് ഒറ്റ എംഎല്‍എ പോലുമില്ലാത്ത ജില്ലയാണ് ഇടുക്കി. യുഡിഎഫിന്റെ രണ്ടുപേരും കേരളാ കോണ്‍ഗ്രസു(എം)കാരാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന ജോയ്‌സ് ജോര്‍ജ് കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസിനെ 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി ടി തോമസ് 74,796 വോട്ടുകള്‍ക്ക് ജയിച്ചിടത്താണ് ജോയ്‌സ് ഈ അട്ടിമറിവിജയം നേടിയത്. പി ടി മല്‍സരിക്കുമ്പോള്‍ ഇടുക്കിയിലെ പ്രധാന ശക്തിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 2014ല്‍ അവര്‍ വലതുപാളയത്തിലെത്തി. എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കസ്തൂരിരംഗന്‍ വിഷയത്തില്‍തട്ടി തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോയ്‌സ് ജോര്‍ജ് നേടിയത് 50,542 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ അഞ്ചും (കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം) എല്‍ഡിഎഫ് നേടി. എന്നാല്‍, മണ്ഡലം മുഴുവനെടുത്താല്‍ എല്‍ഡിഎഫിനെക്കാള്‍ 19,058 വോട്ട് യുഡിഎഫിന് കൂടുതല്‍ കിട്ടി. യുഡിഎഫ് ജയിച്ച തൊടുപുഴയിലെയും ഇടുക്കിയിലെയും ഭൂരിപക്ഷം മാത്രം മറ്റ് അഞ്ച് മണ്ഡലങ്ങളെയും കവച്ചുവയ്ക്കാന്‍ യുഡിഎഫിനെ സഹായിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ കണക്ക് നിര്‍ണായകമാവും. ഇടുക്കി, ഉടുമ്പഞ്ചോല മണ്ഡലങ്ങളിലായിരുന്നു 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോയ്‌സ് ജോര്‍ജിന് ഏറ്റവും ഭൂരിപക്ഷം (24,227, 22,692) ലഭിച്ചത്. എന്നാല്‍, തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടുമ്പഞ്ചോലയില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായി. പീരുമേട്ടിലും ദേവികുളത്തും ഇതേ അവസ്ഥതന്നെയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈയുണ്ടായിരുന്ന മൂവാറ്റുപുഴയും കോതമംഗലവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കാനായതാണ് എല്‍ഡിഎഫിന് ആശ്വാസമാവുന്നത്. തൊടുപുഴയില്‍ പി ജെ ജോസഫിന്റെ വ്യക്തിപ്രഭാവം നിയമസഭാ സീറ്റ് നിലനിര്‍ത്തിയതിനൊപ്പം സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷം യുഡിഎഫിന് നേടിക്കൊടുത്തു. കസ്തൂരിരംഗന്‍ വിരുദ്ധക്കാറ്റില്‍ അട്ടിമറി വിജയം നേടിയ ഇടതുസ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിനെയാണ് എല്‍ഡിഎഫ് രണ്ടാമങ്കത്തിന് രംഗത്തിറക്കിയിരിക്കുന്നത്. ഇടുക്കിയില്‍ യുഡിഎഫിന് അഭിമാനപ്പോരാട്ടമാണ്. കൈവിട്ടുപോയ മണ്ഡലം തിരികെപ്പിടിക്കുന്നതിന് അരയും തലയും മുറുക്കി ശക്തമായ പോരാട്ടത്തിനിറങ്ങാനാണ് യുഡിഎഫിന്റെ തീരുമാനം. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകുകയാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനാണ് മണ്ഡലത്തില്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ജോസഫ് വാഴയ്ക്കന്റെയും മാത്യു കുഴല്‍നാടന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും തമ്മിലുള്ള പോരിന് പരിഹാരം കണ്ടില്ലെങ്കില്‍ ഇടുക്കിയിലെ തിരഞ്ഞെടുപ്പിനെയും അത് പ്രതികൂലമായി ബാധിക്കും. മണ്ഡലത്തില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്സിന് സീറ്റ് നല്‍കാനാണ് ബിജെപിയിലെ ധാരണ. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവാത്തതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയവും നീളുകയാണ്.
നിയമസഭാ മണ്ഡലങ്ങള്‍
1. കോതമംഗലം
2. മൂവാറ്റുപുഴ
3. തൊടുപുഴ
4. ദേവികുളം
5. ഇടുക്കി
6. ഉടുമ്പന്‍ചോല
7. പീരുമേട്
ആകെ വോട്ടര്‍മാര്‍- 11,7,60,99
സ്ത്രീകള്‍ - 5,91,171
പുരുഷന്‍മാര്‍ - 5,84,925
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് - 3
പുതിയ വോട്ടര്‍മാര്‍ - 18,680
വോട്ടുനില (2014)
ജോയ്‌സ് ജോര്‍ജ് (എല്‍ഡിഎഫ് സ്വതന്ത്രന്‍) - 3,82,019
ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്) - 3,31,477
സാബു വര്‍ഗീസ് (ബിജെപി) - 50,438