തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
കോണ്‍ഗ്രസാണ് ജയിക്കുന്നതെങ്കില്‍ വെടിക്കെട്ട് പാകിസ്താനിലാണു നടക്കുകയെന്നും അദ്ദേഹം പറഞ്ഞു
അഹമ്മദാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്താന്റെ ഭാഷയാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ടില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞു. ഇന്ത്യ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവ് ചോദിച്ച കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വാക്കുകള്‍ ലജ്ജാകരമാണ്. രാഹുല്‍ ഗാന്ധിയുടെ ഗുരു സാം പത്രോദയുടെ പരാമര്‍ശങ്ങള്‍ കാരണം രാജ്യം തലകുനിക്കേണ്ടി വരുന്നു. തിരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കും. കോണ്‍ഗ്രസാണ് ജയിക്കുന്നതെങ്കില്‍ വെടിക്കെട്ട് പാകിസ്താനിലാണു നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം മാത്രമാണ് നല്‍കുന്നത്. ദരിദ്രര്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. നെഹ്‌റുവിന്റെ കാലം മുതലേ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് പറഞ്ഞു. ഒന്നും നടന്നില്ല. ഇന്ധിരാഗാന്ധി ദാരിദ്രനിര്‍മാര്‍ജനം നടത്തുമെന്ന് പറഞ്ഞു. അതും നടന്നില്ല. അതിനാലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.