സ്വകാര്യ ആശുപത്രികളിലെ 20ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കും: കലക്ടര്‍
തിരുവനന്തപുരം: കൊവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കുമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. കൊവിഡ് ബി, സി വിഭാഗങ്ങളില്‍പ്പെട്ട രോഗികള്‍ക്ക് ആശുപത്രികളില്‍ മുന്‍ഗണന നല്‍കകുമെന്നും കലക്ടര്‍ പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
ജില്ലയിലെ കൊവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന് സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ മേഖലയുടേയും ശക്തമായ പിന്തുണ വേണമെന്നു കലക്ടര്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്നതിനു വലിയ പ്രധാന്യം നല്‍കണം. ഇതു മുന്‍നിര്‍ത്തി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയാവുന്നത്രയും കിടക്കകളും വെന്റിലേറ്ററുകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണം. സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കുന്നതോടെ ജില്ലയിലെ 24 സ്വകാര്യ ആശുപത്രികളിലായി ആയിരത്തോളം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കു മാത്രമായി ലഭിക്കും.
എല്ലാ സ്വകാര്യ ആശുപത്രികളും കൊവിഡ് മാനേജ്‌മെന്റിനായി ഒരു നോഡല്‍ ഓഫിസറെ നിയോഗിക്കണം. ഇവര്‍ കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപോര്‍ട്ട് യൂനിറ്റുമായി(ഡി.പി.എം.എസ്.യു.) നിരന്തര ബന്ധം പുലര്‍ത്തണം. ഓരോ ആശുപത്രികളിലും കൊവിഡ് രോഗികള്‍ക്കായുള്ള കിടക്കകളുടേയും മറ്റു സൗകര്യങ്ങളുടേയും ലഭ്യതയെക്കുറിച്ച് നോഡല്‍ ഓഫിസര്‍ക്കു കൃത്യമായ ധാരണയുണ്ടാകണം. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ നല്‍കുന്നുണ്ടെന്ന ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ഇദ്ദേഹത്തിനായിരിക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഓണ്‍ലൈന്‍ റഫറല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെഎസ് ഷിനു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജികെ സുരേഷ് കുമാര്‍, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.