ലഖ്‌നോ ലക്ഷ്മണ്‍പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ട്വീറ്റ്

Update: 2022-05-17 12:56 GMT

ലഖ്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളുടെ പേരുമാറ്റാനുള്ള നീക്കങ്ങള്‍ ഭരണകൂടം സജീവമാക്കുന്നു. ഉത്തര്‍പ്രദേശ് തലസ്ഥാന നഗരമായ ലഖ്‌നോവിന്റെ പേരുമാറ്റാന്‍ യോഗി സര്‍ക്കാരില്‍ അണിയറ ശ്രമങ്ങള്‍ നടക്കുന്നതായാണ് പുതിയ റിപോര്‍ട്ടുകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലഖ്‌നോവിലേക്ക് സ്വാഗതം ചെയ്ത് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് യോഗി തലസ്ഥാനത്തിന്റെ പേരുമാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നത്.

ഭഗവാന്‍ ലക്ഷ്മണിന്റെ പാവനനഗരമായ ലഖ്‌നോവിലേക്ക് താങ്കള്‍ക്ക് സ്വാഗതമെന്നാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. ലഖ്‌നോ പേരുമാറ്റത്തിന്റെ ആദ്യപടിയാണ് ട്വീറ്റെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍. ലഖ്‌നോവിന്റെ പേര് വരും ആഴ്ചകളില്‍ ലക്ഷ്മണ്‍പുരി എന്നാക്കി മാറ്റുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. ലഖ്‌നോ ലക്ഷ്മണ്‍പുരിയോ ലഖന്‍പുരിയോ ആക്കണമെന്ന ആവശ്യം ബിജെപി നേതാക്കള്‍ പലഘട്ടങ്ങളിലും ഉയര്‍ത്തുന്നുണ്ട്. ലക്ഷ്മണന്റെ പേരിലുള്ള നിരവധി ലാന്‍ഡ്മാര്‍ക്കുകള്‍ ലഖ്‌നോവില്‍ ഇപ്പോഴുണ്ട്.

ലക്ഷ്മണ്‍ തില, ലക്ഷ്മണ്‍പുരി, ലക്ഷ്മണ്‍ പാര്‍ക്ക് എന്നിങ്ങനെയാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ബിജെപി നഗരത്തില്‍ ലക്ഷ്മണന്റെ പേരിലുള്ള വലിയൊരു ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. എന്നാല്‍, ലഖ്‌നോവിന്റെയോ മറ്റേതെങ്കിലും നഗരത്തിന്റെയോ പേരുമാറ്റത്തെക്കുറിച്ച് തങ്ങള്‍ക്ക് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കഴിഞ്ഞ യോഗി സര്‍ക്കാര്‍ കാലത്ത് യുപിയിലെ വിവിധ നഗരങ്ങളുടെയും റെയില്‍വേ സ്‌റ്റേഷനുകളുടെയുമെല്ലാം പേരുകള്‍ ബിജെപി സര്‍ക്കാര്‍ മാറ്റിയിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്‌രാജും ഫൈസാബാദ് അയോധ്യയുമാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. ഇതിനു പിന്നാലെ സുല്‍ത്താന്‍പൂരിന്റെ പേര് കുഷ്ഭവന്‍പൂര്‍, അലിഗഢിന്റെ പേര് ഹരിഗഢ്, മെയിന്‍പുരിയുടേത് മായന്‍പുരി, സംബാലിന്റേത് പൃഥ്വിരാജ് അല്ലെങ്കില്‍ കല്‍ക്കി നഗര്‍, ഫിറോസാബാദിനെ ചന്ദ്രനഗര്‍, ദയൂബന്ദിനെ ദേവ്രാന്ദ് എന്നിങ്ങനെയാക്കി മാറ്റാനുള്ള മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Similar News