പ്രതിഷേധം അറിയിക്കാന്‍ എംപിമാര്‍ വിമാനത്താവളത്തില്‍;യാത്രാ റൂട്ട് മാറ്റി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍
എം പി മാരായ ഹൈബി ഈഡന്‍,ടി എന്‍ പ്രതാപന്‍ എന്നിവരാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാനും ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടാനും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.ഇതോടെ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നെടുമ്പാശേരി വഴിയുള്ള ലക്ഷ ദ്വീപ് യാത്ര പ്രഫുല്‍ പട്ടേല്‍ റദ്ദാക്കുകയായിരുന്നു
കൊച്ചി:പ്രതിഷേധം അറിയിക്കാന്‍ എംപിമാര്‍ വിമാനത്താവളത്തില്‍ എത്തുന്നുവെന്ന വിവരം അറിഞ്ഞ് നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള ലക്ഷദ്വീപ് യാത്ര റദ്ദാക്കി അഡ്മിനിസ്‌ട്രേറ്റ്രര്‍ പ്രഫുല്‍ പട്ടേല്‍.വിമാത്താവളത്തില്‍ കാത്തുനിന്ന എംപി മാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഡ്മിനിസ്‌ട്രേറ്ററെ കാണാനാകാതെ മടങ്ങി.എം പി മാരായ ഹൈബി ഈഡന്‍,ടി എന്‍ പ്രതാപന്‍ എന്നിവരാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാനും ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടാനും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.ഇതോടെ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നെടുമ്പാശേരി വഴിയുള്ള ലക്ഷ ദ്വീപ് യാത്ര പ്രഫുല്‍ പട്ടേല്‍ റദ്ദാക്കുകയായിരുന്നു.
കൊച്ചിവഴിയുള്ള യാത്ര റദ്ദാക്കിക്കൊണ്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഒളിച്ചോടിയെങ്കിലും ഭരണഘടനാപരമായ അധികാരമുപയോഗിച്ചള്ള ഇടപെടലും പോരാട്ടവും തങ്ങള്‍ തുടരുമെന്ന് എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍ പരമ്പരാഗത മല്‍സ്യതൊഴിലാളികളെയും ലക്ഷദ്വീപ് നിവാസികളെയും പരിപൂര്‍ണ്ണമായി തകര്‍ക്കുന്നതാണെന്ന് ഇവര്‍ പറഞ്ഞു.
എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടുള്ള യാത്രയ്ക്ക് അനുമതി തേടിയും കരിനിയമങ്ങള്‍ റദ്ദാക്കണമെന്ന് നേരില്‍ കണ്ട് ആവശ്യപ്പെടാനുമായിരുന്നു തങ്ങള്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ കാത്തു നിന്നത്.എന്നാല്‍ അദ്ദേഹം കൊച്ചി വഴിയുള്ള യാത്ര മാറ്റിയതായിട്ടാണ്് വിമാനത്താവളത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.എയര്‍ഫോഴ്‌സ് വിമാനത്തില്‍ ദാമന്‍ ദിയുവില്‍ നിന്നും നേരിട്ട് അഗത്തിയിലേക്ക് പോകുന്നുവെന്നാണ് ലഭിച്ച വിവരമെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു.ലക്ഷദ്വീപ് നിവാസികളുടെ ജീവിതം സുഗമമാക്കാനും ഭരണഘടന അവര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും പോരാട്ടം തുടരുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
രാവിലെ ഒമ്പതരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശേഷം ഇവിടെന്നും 12.30 ഓടെ അഗത്തിയില്‍ എത്തുന്ന വിധത്തില്‍ ലക്ഷദ്വീപിലേക്ക് വിമാന മാര്‍ഗം പ്രഫുല്‍ പട്ടേല്‍ പോകുമെന്ന വിവരമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.പുതിയതായി നിയമിതനായ അഡ്മിനസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫിസിനു മുന്നിലും ദിവസങ്ങളായി പ്രതിഷേധം അലയടിക്കുകയാണ്.ഇതിനിടയിലാണ് അഡ്മിനിസ്‌ട്രേറ്ററുടെ ലക്ഷദ്വീപ് സന്ദര്‍ശനം.