സ്ഥാനാര്‍ഥി നിര്‍ണയം: മാണി-ജോസഫ് തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഇടപെടുമെന്ന് ബെന്നി ബഹനാന്‍
കെ എം മാണിയുമായും പി ജെ ജോസഫുമായും ചര്‍ച്ച നടത്തും.പി ജെ ജോസഫ് പാര്‍ടിയും മുന്നണുയും വിടുമെന്ന് വിശ്വസിക്കുന്നില്ല.ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പ് ദേശിയതലത്തിലും സംസ്ഥാന തലത്തിലും വളരെ പ്രാധാന്യമുള്ളതാണ്.ഈ പ്രാധാന്യം കണക്കിലെടുത്ത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം.യുഡിഎഫിന്റെ വിജയത്തിനായി കഴിയുന്നത്ര വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതു ധാരണ.
കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന മാണി-ജോസഫ് തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഇടപെടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സാധാരണ നിലയില്‍ മുന്നണിയിലെ ഘടക കക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയ കാര്യങ്ങളിലോ അവരുടെ ആഭ്യന്തര കാര്യങ്ങളിലോ മുന്നണി നേതൃത്വം ഇടപെടാറില്ല.പക്ഷേ ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പ് ദേശിയതലത്തിലും സംസ്ഥാന തലത്തിലും വളരെ പ്രാധാന്യമുള്ളതാണ്.ദേശീയ തലത്തില്‍ ബിജെപിയെ താഴയിറക്കുക,സംസ്ഥാത്ത് ഇടതുപക്ഷത്തിനെതിരെ മികച്ച വിജയം നേടുക ഇവ പ്രധാനപ്പെട്ടതാണ്. ഈ പ്രാധാന്യം കണക്കിലെടുത്ത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം.യുഡിഎഫിന്റെ വിജയത്തിനായി കഴിയുന്നത്ര വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതു ധാരണ. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും പ്രവര്‍ത്തനം യുഡിഎഫ് വിലയിരുത്തിക്കൊണ്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിഷയം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ എല്ലാവരും ഡല്‍ഹിയില്‍ ആയിരുന്നു.കേരള കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിഷയം അവര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.അതിന് അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ മുന്നണി നേതൃത്വം ഇടപെടും, യുഡിഎഫിന്റെ പ്രത്യേകത ഘടക കക്ഷികള്‍ തമ്മിലുള്ള ആത്മബന്ധമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും പാര്‍ടിയില്‍ വിഷയങ്ങളുണ്ടായാല്‍ അത് പരിഹരിക്കാന്‍ മുന്നണി നേതൃത്വം ഏറ്റെടുക്കും.കെ എം മാണിയുമായും പി ജെ ജോസഫുമായും ചര്‍ച്ച നടത്തും.പി ജെ ജോസഫ് പാര്‍ടിയും മുന്നണുയും വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ബെന്നി ബഹനാന്‍ ചോദ്യത്തിന് മറുപടിയായി ബെന്നി ബഹനാന്‍ പറഞ്ഞു.