ടി എന്‍ പ്രതാപന്റെ ഡിജിറ്റല്‍ പ്രചാരണം ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി; പ്രതാപന്‍ വിജയിക്കണമെന്ന മമ്മൂട്ടിയുടെ പരാമര്‍ശം എല്‍ഡിഎഫില്‍ ചര്‍ച്ചയാകൂന്നു
പ്രതാപന്‍ തന്റെ സുഹൃത്താണെന്നും പ്രതാപന്‍ ജയിച്ചുകാണണമെന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പ്രതാപന് എല്ലാ വിജയാശംസകളും നേരുന്നതായും മമ്മൂട്ടി പറഞ്ഞു.രണ്ടു പേരും രണ്ടു മുന്നണിയുടെ ഭാഗമാണല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിലേക്കൊന്നും കടക്കേണ്ടതില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
കൊച്ചി: ടി എന്‍ പ്രതാപന്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി മമ്മൂട്ടിയുടെ വീട്ടിലെത്തി.ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ടി എന്‍ പ്രതാപന്‍.എറണാകുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ് മമ്മൂട്ടിയുടെ പിന്തുണ തേടി വീട്ടിലെത്തി ഇറങ്ങിയതിനു തൊട്ടു പിന്നാലെയാണ് ടി എന്‍ പ്രതാപന്‍ എത്തിയത്.ഫാന്‍സ് അസോസിയേഷനുമായി അടുത്ത നില്‍ക്കുന്ന വ്യക്തിയെന്ന നിലയിലും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആള്‍ എന്ന നിലയിലുമുള്ള ബന്ധമാണ് മമ്മൂട്ടിയുടെ പിന്തുണ തേടിയെത്താന്‍ കാരണമായത്. തുടര്‍ന്ന് പ്രതാപന്റെ ഡിജിറ്റല്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള ഫേസ് ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്തു.
പ്രതാപന്‍ തന്റെ സുഹൃത്താണെന്നും പ്രതാപന്‍ ജയിച്ചുകാണണമെന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പ്രതാപന് എല്ലാ വിജയാശംസകളും നേരുന്നതായും മമ്മൂട്ടി പറഞ്ഞു.രണ്ടു പേരും രണ്ടു മുന്നണിയുടെ ഭാഗമാണല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിലേക്കൊന്നും കടക്കേണ്ടതില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടിയുടെ പിന്തുണയില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു പ്രതാപന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അതേ സമയം സിപിഎമ്മുമായും എല്‍ഡിഎഫുമായും അടുത്ത് നില്‍ക്കുകയും സിപിഎമ്മിന്റെ കൈരളി ചാനലിന്റെ ചെയര്‍മാനുമായ മമ്മൂട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഫേസ് ബുക്ക് പേജ് ഉദ്ഘാടനം ചെയ്തതും ടി എന്‍ പ്രതാപന്‍ വിജയിച്ചു കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞതും എല്‍ഡിഎഫില്‍ ചര്‍ച്ചയായിട്ടുണ്ട്. സിപിഐയുടെ രാജാജി മാത്യൂസാണ് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.