എം കെ രാഘവനെതിരായ ആരോപണം: വിശദമായ റിപോർട്ട് ആവശ്യപ്പെട്ടതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ

ഡിജിപിയുടേയും ജില്ലാ കലക്ടറുടെയും പ്രാഥമിക റിപ്പോർട്ട് പഠിച്ചു വരികയാണ്. വിശദമായ റിപോർട്ട് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

Update: 2019-04-06 09:40 GMT

തിരുവനന്തപുരം: യുഡിഎഫ് കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവനെതിരായ കോഴ ആരോപണത്തിൽ  ഡിജിപിയുടേയും ജില്ലാ കലക്ടറുടെയും പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഈ റിപോർട്ടുകൾ പഠിച്ചു വരികയാണ്. വിശദമായ റിപോർട്ട് ഉടൻ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ ഉടൻ തുടർ നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു. ഭൂമിയിടപാടിനു കോടികള്‍ കോഴ ആവശ്യപ്പെടുകയും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തുക നല്‍കാന്‍ എം കെ രാഘവന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങള്‍ ടിവി 9 ഭാരത് വര്‍ഷന്‍ എന്ന ഹിന്ദി ചാനല്‍ പുറത്തുവിട്ടിരുന്നു.

കോഴ ആവശ്യപ്പെട്ടത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എൽഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എം കെ രാഘവന്‍ നടത്തിയ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും കള്ളപ്പണ ഇടപാടടക്കം രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് തിരഞ്ഞെടുപ്പ് ചെലവായി രാഘവന്‍ കമ്മീഷന്‍ മുമ്പാകെ കാണിച്ചത്. എന്നാല്‍ സ്വകാര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.

സംഭവത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് ആരോപിച്ച എം കെ രാഘവന്‍ കഴിഞ്ഞദിവസം സിറ്റി പോലിസ് കമ്മീഷണര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കലക്ടർ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഫോറന്‍സിക് പരിശോധനയുള്‍പ്പെടെ ആവശ്യമുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു എൽഡിഎഫ് പരാതി നല്‍കുന്നത്. 

Tags:    

Similar News