സിംഗപ്പൂര്‍ സിറ്റി:സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും കിരീടം സ്വന്തമാക്കി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഒരുപടി മുന്നോട്ട് കുതിച്ചു. കാറോട്ടത്തില്‍ ഹാമില്‍ട്ടന് മികച്ച വെല്ലുവിളി ഉയര്‍ത്താറുള്ള സെബാസ്റ്റ്യന്‍ വെറ്റലിന് ഇവിടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെറ്റലിനെ പിന്തള്ളിയ മാക്‌സ് വെസ്തപ്പന്‍ രണ്ടാം സ്ഥാനം അലങ്കരിച്ചു. ഇതോടെ ആറ് ഗ്രാന്‍ഡ്പ്രി ടൂര്‍ണമെന്റുകള്‍ ബാക്കി നില്‍ക്കേ രണ്ടാം സ്ഥാനത്തുള്ള വെറ്റലിനേക്കാള്‍ ഹാമില്‍ട്ടന് 40 പോയിന്റ് ലീഡായി. വള്‍ട്ടേരി ബോത്താസ്, കിമി റൈക്കോനെന്‍, ഡാനിയര്‍ റിക്കിയാര്‍ഡോ എന്നിവരാണ് നാലു മുതല്‍ ആറ് വരെ സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തത്.
സീസണിലെ ഫോര്‍മുലയില്‍ 15 ഗ്രാന്‍ഡ് പ്രികള്‍ അവസാനിക്കുമ്പോള്‍ 281 പോയിന്റുമായാണ് ഹാമില്‍ട്ടന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാമതുള്ള വെറ്റലിന് 241 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റൈക്കോനെനിന് 174 പോയിന്റുമാണുള്ളത്. ഇതോടെ സീസണിലെ ഫോര്‍മുല വണ്‍ കിരീടപോരാട്ടം ഹാമില്‍ട്ടനിലും വെറ്റലിലുമായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെടേണ്ടത്. നിര്‍മാതാക്കളുടെ പോരാട്ടത്തില്‍ 452 പോയിന്റുമായി മെഴ്‌സിഡസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു കമ്പനിയായ ഫെറാറിയാണ്(415) രണ്ടാമത്. റെഡ്ബുള്‍ മൂന്നാം സ്ഥാനത്തുണ്ട്.
റഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ്, ജപ്പാനീസ് ഗ്രാന്‍ഡ് പ്രിക്‌സ്, യുഎസ് ഗ്രാന്‍ഡ്പ്രിക്‌സ്, മെക്‌സിക്കന്‍ ഗ്രാന്‍ഡ് പ്രിക്‌സ്, ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സ്, അബുദബി ഗ്രാന്‍ഡ് പ്രിക്‌സ് എന്നിവയാണ് ഇനി നടക്കാനുള്ളത്.