ലണ്ടന്‍: ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്ിയന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിന്. 10 വര്‍ഷത്തിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും അല്ലാത്ത താരത്തിന് ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2016ല്‍ ബാലണ്‍ ദിയോര്‍, ഫിഫ ദി ബെസ്റ്റ് എന്നായി നാമകരണം ചെയ്ത ശേഷമുള്ള രണ്ട് തവണയും പുരസ്‌കാരം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് മോഡ്രിച്ച് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹാണ് അവസാന മൂന്നിലിടം കണ്ടെത്തിയ മറ്റൊരു താരം.
കഴിഞ്ഞ സീസണില്‍ രാജ്യത്തിനും ക്ലബിനുമായി നടത്തിയ അവിശ്വസനീയ പ്രകടനമാണ് മോഡ്രിചിനെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം തേടിയെത്താന്‍ സഹായിച്ചത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ ചൂടുകയും അതിനു പിറകെ ലോകകപ്പില്‍അപ്രതീക്ഷിതമായ കുതിപ്പിലൂടെ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കുകയും ചെയ്തതോടെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കാന്‍ ഫിഫ അധികൃതര്‍ക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ലോകകപ്പിലെ പ്രകടനമാണ് മോഡ്രിച്ചിനെ റൊണാള്‍ഡോയേക്കാള്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്. എന്നാല്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കിയ ലയണല്‍ മെസ്സിക്ക 12 വര്‍ഷത്തിന് ശേഷം ഫിഫയുടെ മികച്ച കളിക്കാരുടെ അവസാന മൂന്നില്‍ എത്താന്‍ കഴിഞ്ഞില്ല.
പുസ്‌ക്കാസ് പുരസ്‌കാരം സലാഹിന്
കഴിഞ്ഞ സീസണിലെഏറ്റവും മികച്ച ഗോളിനുള്ള പുസ്‌ക്കാസ് പുരസ്‌കാരം ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്. കഴിഞ്ഞ സീസണില്‍ മേഴ്‌സിസൈഡ് ഡര്‍ബിയില്‍ എവര്‍ട്ടനെതിരെ നേടിയ ഗോളാണ് ഈ ലിവര്‍പൂള്‍ താരത്തെ പുസ്‌കാസ് അവാര്‍ഡിന് അര്‍ഹരാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്കിനെയും ഗാരെത് ബെയ്‌ലിന്റെ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ ഗോളിനെയും ലോകകപ്പില്‍ ഫ്രാന്‍സിനായി പവാര്‍ഡ് നേടിയ ഗോളിനെയും നൈജീരിയക്കെതിരേ മെസി നേടിയ ഗോളിനെയും പിന്നിലാക്കിയാണ് സലാഹ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ഈഈജിപ്ഷ്യന്‍ ഗോള്‍ മെഷീന്‍ സ്വന്തമാക്കിയിരുന്നു.
ബ്രസീലിന്റെ മാര്‍ത്ത മികച്ച വനിതാ ഫുട്‌ബോളര്‍
മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബ്രസീലിയന്‍ താരം മാര്‍ത്തയ്ക്ക്. ലിയോണിന്റെ സ്‌ട്രൈക്കര്‍ അദ ഹെഗെര്‍ബെര്‍ഗ്് പുരസ്‌കാരം സ്വന്തമാക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ആരാധകരുടെ പ്രതീക്ഷയെ കാറ്റില്‍ പറത്തി് മാര്‍ത്ത ഈ പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. ഈ കഴിഞ്ഞ വര്‍ഷം ബ്രസീലിന് കോപ്പ അമേരിക്ക പുരസ്‌കാരം നല്‍കിക്കൊടുത്തതോടെ ഫിഫ അധികൃതര്‍ മാര്‍ത്തയെ മികച്ച കളിക്കാരിയായി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അമേരിക്കന്‍ ക്ലബായ ഓര്‍ലാണ്ടോ െ്രെപഡിന്റെ താരമാണ് ഇപ്പോള്‍ മാര്‍ത.
ഇതിനു മുമ്പ് അഞ്ച് തവണ ലോകത്തെ മികച്ച വനിതാ താരമായിട്ടുണ്ട് മാര്‍ത. അവസാനമായി 2010ല്‍ ആണ് മാര്‍ത ഫിഫയുടെ മികച്ച വനിതാ താരമായത്. അദയ്ക്ക് ഒപ്പം ലിയോണില്‍ തന്നെയുള്ള സെനിഫര്‍ മറോസാനെയും മാര്‍ത മറികടന്നു. കഴിഞ്ഞ വര്‍ഷം ഡച്ച് താരം ലേക മാര്‍ടെന്‍സ് ആയിരുന്നു മികച്ച വനിതാ താരമായത്.
തിബോട്ട് കോര്‍ട്ടോയിസ് മികച്ച ഗോള്‍ കീപ്പര്‍
ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിബോട്ട് ക്വര്‍ട്ടോയിസ് ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ അവാര്‍ഡ് സ്വന്തമാക്കി. ലോകകപ്പില്‍ ബെല്‍ജിയത്തിനായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരവും തിബോട്ട് കോര്‍ട്ടോയിസിനായിരുന്നു. ലോകകപ്പില്‍ ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിലവിലെ റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ചെല്‍സിയിക്കായി ഗോള്‍പോസ്റ്റിനു മുന്നില്‍ മിന്നും പ്രകടനമാണ് താരം നടത്തിയത്.
റൊണാള്‍ഡോയും മെസ്സിയും ലോക ഇലവനില്‍
പോയ സീസണിലെ ഫിഫയുടെ പ്രോ ഇലവനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും മെസ്സിയും ടീമിലിടം പിടിച്ചപ്പോള്‍ മികച്ച കളിക്കാരുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് സലാഹിന് ടീംമില്‍ സ്ഥാനം പിടിക്കാനായില്ല. ഡേവിഡ് ജിയയാണ് ഗോള്‍ കീപ്പര്‍
ഗോള്‍ കീപ്പര്‍: ഡേവിഡ് ഡി ജിയ(സ്‌പെയിന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് )
ഡിഫന്‍ഡര്‍മാര്‍: റാഫേല്‍ വരാനെ( ഫ്രാന്‍സ്, റയല്‍ മാഡ്രിഡ്), സെര്‍ജിയോ റാമോസ്( സ്‌പെയിന്‍, റയല്‍ മാഡ്രിഡ്), മാര്‍സെലോ( ബ്രസീല്‍,റയല്‍ മാഡ്രിഡ്), ഡാനി ആല്‍വ്‌സ് (പിഎസ് ജി, ബ്രസീല്‍).
മിഡ്ഫീല്‍ഡര്‍മാര്‍: ലൂക്ക മോഡ്രിച്ച്( ക്രൊയേഷ്യ, റയല്‍ മാഡ്രിഡ്) , ഈഡന്‍ ഹസാര്‍ഡ് ( ബെല്‍ജിയം, ചെല്‍സി), എന്‍ഗോളോ കാന്റെ( ഫ്രാന്‍സ്, ചെല്‍സി)
സ്‌ട്രൈക്കര്‍: ലയണല്‍ മെസ്സി (അര്‍ജന്റീന, ബാഴ്‌സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(പോര്‍ച്ചുഗല്‍, യുവന്റസ്), കൈലിയന്‍ എംബാപ്പെ ( ഫ്രാന്‍സ്, പിഎസ് ജി)
ഫ്രഞ്ച് കോച്ച് ദെഷാംസ് മികച്ച പരിശീലകന്‍
ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടമണിയിച്ച ദിദിയര്‍ ദെഷാംപ്‌സിന് ഫിഫയുടെ മികച്ച പരിശീലകനുള്ള അവാര്‍ഡ്. റഷ്യയില്‍ സമ്പൂര്‍ണ ആധിപത്യത്തോടെ ആയിരുന്നു ഫ്രാന്‍സ് ദെഷാംസിന്റെ കീഴില്‍ കിരീടം നേടിയത്.കഴിഞ്ഞ സീസണിലും ഫ്രാന്‍സിലേക്ക് തന്നെ ആയിരുന്നു മികച്ച പരിശീലകനുള്ള പുരസ്‌കാരം പോയത്. സിദാനായിരുന്നു കഴിഞ്ഞ സീസണില്‍ ഫിഫ ബെസ്റ്റ് പരിശീലകനായത്. ഇത്തവണയും സിദാന്‍ അവസാന മൂന്നില്‍ ഉണ്ടായിരുന്നു. സിദാനെയും ക്രൊയേഷ്യന്‍ കോച്ച് സ്ലാട്ട്‌കോ ഡാലിച്ചിനെയും പിന്തള്ളിയാണ് മുന്‍ ഫ്രാന്‍സ് താരം ഈ പുരസ്‌കാര ജേതാവായത്.
റെയ്‌നാള്‍ഡ് പെഡ്രോസ് വനിതാ ഫുട്‌ബോളിലെ മികച്ച പരിശീലകന്‍
വനിതാ ഫുട്‌ബോളിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം റെയ്‌നാള്‍ഡ് പെഡ്രോസ് സ്വന്തമാക്കി. ലിയോണിന്റെ പരിശീലകനാണ് പെഡ്രോസ്. കഴിഞ്ഞ സീസണില്‍ ലിയോണിനെ ഫ്രഞ്ച് ചാംപ്യന്മാരാക്കുകയും ഒപ്പം ചാംപ്യന്‍സ് ലീഗ് കിരീടവും പെഡ്രോസിന്റെ കീഴില്‍ ലിയോണ്‍ സ്വന്തമാക്കിയിരുന്നു. ലിയോണിന്റെ തുടര്‍ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീടമായിരുന്നു ഇത്.
ജപ്പാന്റെ പരിശീലക അസാകൊ തകകുറ, ഹോളണ്ടിന്റെ പരിശീലകന്‍ സറീന വൈമാന്‍ എന്നിവരെ പിന്നിലാക്കിയാണ് റെയ്‌നാള്‍ഡ് പെഡ്രോസ് ഈ പുരസ്‌ക്കാരം സ്വന്തമാക്കിയത്.
ആരാധകരില്‍ മുമ്പന്‍ പെറു
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പില്‍ എത്തിയ പെറുവിന്റെ ആരാധകര്‍ക്ക് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം.