ലിസ്ബണ്‍: ലോകഫുട്‌ബോളിലെ രണ്ട് നക്ഷത്രങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം ഇന്ന് ദേശീയ ടീമിനായി ബൂട്ടണിയുന്നു. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയുമാണ് 2018 ലോകകപ്പിന് ശേഷം ആദ്യമായി ടീമിനായി ഇന്നിറങ്ങുന്നത്. യൂറോ 2020ലേക്കുള്ള യോഗ്യതാ മല്‍സരത്തിനായാണ് ഇരുവരും കളിക്കുന്നത്. വെനസ്വേലയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ മല്‍സരം. ലിസ്ബണില്‍ ഉക്രെയ്‌നെതിരേയാണ് പോര്‍ച്ചുഗലിന്റെ മല്‍സരം. ഇരുവരും ലോകകപ്പിന് ശേഷം രാജ്യത്തിനായുള്ള ആറുമല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് മെസ്സി ടീമില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ടീമിനൊപ്പം ചേരുകയായിരുന്നു. യുവന്റസ് ക്ലബ്ബില്‍ കളിക്കുന്നതിനാല്‍ ദേശീയ ടീമില്‍ നിന്ന് റൊണാള്‍ഡോ അവധിയെടുക്കുകയായിരുന്നു. രാജ്യത്തിനായി കളിച്ച 154 മല്‍സരങ്ങളില്‍ നിന്ന് 85 ഗോള്‍ 34കാരനായ ക്രിസ്റ്റി സ്‌കോര്‍ ചെയ്തിട്ടുണ്ട്. 31കാരനായ മെസ്സിയാവട്ടെ 128 മല്‍സരങ്ങളില്‍ നിന്ന് 65 ഗോള്‍ നേടിയിട്ടുണ്ട്. ഗോണ്‍സാലാ ഹിഗ്വിയ്ന്‍, അഗ്വേറാ തുടങ്ങിയ സ്റ്റാര്‍ താരങ്ങള്‍ അര്‍ജന്റീനന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്‌ട്രൈക്കര്‍ ഡി മരിയ പരിക്കുമൂലം പിന്‍മാറി. ഇന്ന് അര്‍ദ്ധരാത്രിയാണ് മല്‍സരങ്ങള്‍ നടക്കുന്നത്.