ക്യൂന്‍സ്‌ലാന്‍ഡ്: സര്‍ഫിങ് സവാരിക്കിടെ മുന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് പരുക്ക്. വെള്ളിയാഴ്ച ക്വീന്‍സ്‌ലന്‍ഡിലെ സ്റ്റാഡ്‌ബ്രോക്ക് ദ്വീപുകള്‍ക്ക് സമീപം തന്റെ മകന്‍ ജോഷിനോടൊപ്പം സര്‍ഫിങില്‍ ഏര്‍പ്പെടുന്നതിനിടെയാണ് താരത്തിന് ഗുരുതര പരിക്കേറ്റത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റതായി അദ്ദേഹം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.
കഴുത്തില്‍ കോളര്‍ ബെല്‍റ്റ് ഇട്ടു തലയ്ക്കു പരുക്കേറ്റ നിലയിലുള്ള ഹെയ്ഡന്റെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചികില്‍സയുടെ ഭാഗമായി എംആര്‍ഐ, സിടി സ്‌കാനുകള്‍ക്കു വിധേയനായതായും തിരിച്ചുവരവിന്റെ പാതയിലാണു താനെന്നും ഹെയ്ഡന്‍ പങ്കുവച്ചു. അപകടത്തിലായെങ്കിലും താന്‍ സര്‍ഫിങിലേക്ക് തിരിച്ചുവരുമെന്ന് ഹെയ്ഡന്‍ വ്യക്തമാക്കി.
103 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഹെയ്ഡന്‍ 2009ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. ഭാഗ്യം കൊണ്ടാണു താന്‍ രക്ഷപ്പെട്ടതെന്നു താരം ഒരു ആസ്‌ത്രേലിയന്‍ മാധ്യമത്തോടു പറഞ്ഞു. മുമ്പും ഹെയ്ഡന്‍ അപകടത്തില്‍പ്പെട്ടിരുന്നു. 1999ല്‍ നോര്‍ത്ത് സ്ട്രാഡ്‌ബ്രോക്കില്‍ വച്ച് മാത്യു ഹെയ്ഡന്‍ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തില്‍പെട്ടിരുന്നു. മറ്റൊരു ക്രിക്കറ്റ് താരമായ അന്‍ഡ്രു സൈമണ്ട്‌സിനൊപ്പം ഒരു കിലോമീറ്ററോളം നീന്തിയാണ് അന്ന് താരം രക്ഷപ്പെട്ടത്.