ലോക ഭാരോദ്വഹന ചാംപ്യന്‍ഷിപ്പ്: ചാനു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കില്ല

Update: 2018-09-18 18:36 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാരോദ്വഹന താരങ്ങളായ മീരാഭായ് ചാനു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലോക വര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തേക്കില്ല. ചാനുവിന് പുറമെ വെങ്കട്ട് രാഹുല്‍ രാഗാല, സതീഷ് കുമാര്‍ ശിവലിംഗം എന്നിവരും മല്‍സരത്തില്‍ നിന്നും മാറിനില്‍ക്കുന്നുണ്ട്.
2020 ജപ്പാന്‍ ഒളിംപിക്‌സിന്റെ യോഗ്യത മല്‍സരങ്ങളിലൊന്നാണ് നവംബറില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പ്. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ ജൂനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ബി ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. നവംബര്‍ ഒന്നിന് തുര്‍ക്ക്‌മെനിസ്ഥാനിലാണ് ചാംപ്യന്‍ഷിപ്പ് തുടങ്ങുന്നത്.
ഏപ്രിലില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മല്‍സരത്തിനു ശേഷം താരങ്ങള്‍ റീഹാബിലിറ്റേഷന്‍ ക്യാംപുകളില്‍ പങ്കെടുക്കേണ്ടിയിരുന്നതാണ്. എന്നാല്‍ കാര്യങ്ങള്‍ അത്തരത്തിലല്ല സംഭവിച്ചതെന്നാണ് താരങ്ങളുടെ മാറിനില്‍ക്കലിനെ സംബന്ധിച്ച് ഇന്ത്യന്‍ കോച്ച് വിജയ് ശര്‍മ പറഞ്ഞത്. ചിലര്‍ മല്‍സരശേഷം വീട്ടിലേക്ക് തിരിച്ചു പോയി. ചിലര്‍ മറ്റെവിടേക്കോ. ഇതുപോലെ താരങ്ങള്‍ ഒരു മാസത്തോളമാണ് വെറുതെ കളഞ്ഞത്. അതുവഴി ശാരീരികക്ഷമത ലഭിച്ചതുമില്ല. ഇതിന്റെ തിരിച്ചടി ഏഷ്യന്‍ ഗെയിംസില്‍ കിട്ടിയെന്നും ശര്‍മ മുന്നറിയിപ്പു നല്‍കി. ഒളിംപിക്‌സ് യോഗ്യത നേടാനാണ് ഇനി ശ്രമിക്കേണ്ടതെന്നും ടീമിനെ തയ്യാറാക്കേണ്ടതുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഭാരോദ്വാഹന താരങ്ങള്‍ക്ക് ഒരു മെഡല്‍ പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. 77 കിലോ വിഭാഗത്തില്‍ അജയ് സിങ് അഞ്ചാമതായും സതീഷ്‌കുമാര്‍ 10ാമതായുമാണ് മല്‍സരം അവസാനിപ്പിച്ചത്. വനിതാ വിഭാഗത്തിലെ ഏക മല്‍സരാര്‍ത്ഥിയായിരുന്ന രാഖി ഹാല്‍ദര്‍ക്ക് (63കിലോ) ഒരു തവണ പോലും ഭാരം വിജയകരമായി ഉയര്‍ത്താനും കഴിഞ്ഞില്ല. പുരുഷന്മാരുടെ 94 കിലോ വിഭാഗത്തില്‍ വികാസ് താക്കൂര്‍ എട്ടാമതായാണ് എത്തിയത്.
Tags:    

Similar News