മി ടൂ വിവാദം: വിദേശത്തുള്ള എം.ജെ അക്ബറിനെ പ്രധാനമന്ത്രി തിരിച്ചുവിളിച്ചു

Update: 2018-10-11 14:37 GMT


ന്യൂഡല്‍ഹി: മി റ്റൂ കാംപയിനില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് നൈജീരിയയില്‍ സന്ദര്‍ശനത്തിനുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചു വിളിച്ചു. ഇതോടെ അക്ബറിന്റെ രാജിയ്ക്ക് കൂടുതല്‍ സാധ്യതയേറി. സന്ദര്‍ശനം വെട്ടുച്ചുരുക്കി തിരിച്ചുവരാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതുപ്രകാരം നാളെ രാവിലെ അക്ബര്‍ ഡല്‍ഹിയിലെത്തും. ഷെഡ്യൂള്‍ പ്രകാരം അടുത്തയാഴ്ചയാണ് അദ്ദേഹം മടങ്ങേണ്ടത്. ഡല്‍ഹിയിലെത്തുന്ന അക്ബറിനോട് വൈകാതെ തന്നെ സര്‍ക്കാര്‍ വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ബിജെപിയ്ക്കുള്ളില്‍ അക്ബര്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
നിയമസഭാതെരഞ്ഞെടുപ്പും വൈകാതെ പൊതുതെരഞ്ഞെടുപ്പും അടുത്തിരിക്കെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ ലൈംഗിക ആരോപണം ഉന്നയിച്ച വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പിക്കുമെന്നാണ് ബിജെപിയിലെ പലരുടെയും നിലപാട്. അക്ബറിനെതിരേ അന്വേഷണം വേണമെന്ന് കേന്ദ്രശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അക്ബര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ റീത്ത ബഹുഗുണ ജോഷിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ അക്ബറിന്റെ വിശദീകരണം കേള്‍ക്കാതെ പരസ്യപ്രസ്താവന വേണ്ടെന്നാണ് ബിജെ.പി നേതൃത്വത്തിന്റെ നിലപാട്. മന്ത്രിസഭയില്‍ നിന്നു രാജിവച്ച് പകരം പാര്‍ട്ടി പ്രവര്‍ത്തനത്തിനായി അദ്ദേഹത്തെ ഉപയോഗിക്കുമെന്ന് ഉന്നത ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. അക്ബറിനെതിരേ എവിടെയും കേസില്ലെന്നും ഇതൊരു സദാചാര പ്രശ്‌നം മാത്രമാണെന്നും ബി.ജെ.പി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
നേരത്തെ ടെലഗ്രാഫ് എഡിറ്ററായിരിക്കെ ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ തന്നോട് അക്ബര്‍ മോശമായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലോടെയാണ് അക്ബറിന്റെ മന്ത്രിസ്ഥാനം തുലാസിലായത്. ഇതിനു പിന്നാലെ അക്ബര്‍ ജോലിചെയ്ത വിവിധ മാധ്യസ്ഥാപനങ്ങളിലെ ആറുവനിതാജീവനക്കാര്‍ കൂടി ലൈംഗികഅതിക്രമ പരാതി സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിച്ചു.
ആരോപണങ്ങള്‍ ഏറ്റുപിടിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഏഴുമാധ്യമപ്രവര്‍ത്തകര്‍ ലൈംഗികഅതിക്രമ ആരോപണമുന്നയിച്ച അക്ബര്‍ എത്രയും വേഗം രാജിവയ്ക്കണമെന്നും അദ്ദേഹം സ്ഥനമൊഴിയുന്നില്ലെങ്കില്‍ പ്രധാനമന്ത്രി രാജികത്ത് ആവശ്യപ്പെടണമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം, തങ്ങള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞു. പുരുഷസഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണം. തൊഴിലിടത്തില്‍ സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നത് അപപനീയമാണെന്നും അക്കാര്യങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും എഡിറ്റേഴ്‌സ്ഗില്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Similar News