മാള(തൃശൂര്‍): താറാവ് കൃഷിയില്‍ വിജയഗാഥ രചിച്ച് മധ്യവയസ്‌കന്‍. കുഴൂര്‍ ഗ്രാമപഞ്ചായത്ത് തിരുമുക്കുളം പാറേക്കാടന്‍ തോമസ് (52) ആണ്
വീടിനോട് ചേര്‍ന്നുള്ള തിരുമുക്കുളം വയല്‍ പ്രയോജനപ്പെടുത്തി താറാവ് കൃഷി നടത്തുന്നത്. കൊവിഡ് കാലത്ത് മാന്ദ്യം നേരിട്ടുവെങ്കിലും നഷ്ടമില്ലാത്ത കൃഷിയാണ് താറാവ് വളര്‍ത്തല്‍ എന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം. താറാവുകള്‍ക്ക് മേയാന്‍ കഴിയുന്ന പാടശേഖരങ്ങള്‍ കണ്ടെത്തി കൃഷി തുടങ്ങാനാവുമെന്ന് തോമസ് സാക്ഷ്യപടുത്തുന്നു.
ആയിരം താറാവുകളാണ് ഇപ്പോഴെത്തെ കൃഷിയില്‍ ഉള്ളത്. ഇതില്‍ 200 എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി വില്‍പനയായി. താറാവ് കുഞ്ഞുങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച എത്തുന്നതിന് ആറ് മാസ കാലം വേണ്ടതുണ്ട്. വളര്‍ച്ചെയെത്തിയ ഒന്നിന് 240 രൂപക്കാണ് വില്‍ക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ പത്തും ഇരുപതുമൊക്കെയായി വാങ്ങാറുണ്ട്.
തൃശൂര്‍ എറണാകുളം ജില്ലകള്‍ അതിരിടുന്ന തിരുമുക്കുളത്ത് ഏക്കര്‍ കണക്കിന് തരിശ് വയല്‍ ഉണ്ട്. ഈ സ്ഥലത്താണ് നാല് പതിറ്റാണ്ടു കാലമായി ഇദ്ദേഹം താറാവ് കൃഷി ചെയ്യുന്നത്.
ശരാശരി അഞ്ഞൂറോളം മുട്ടകള്‍ ദിനവും ലഭിക്കുന്നതാണ് പ്രധാന വരുമാനം. കുട്ടനാട്ടില്‍ നിന്ന് വാങ്ങുന്ന താറാവിനെ മൊത്തമായി വില്‍ക്കുകയാണ് ചെയ്യുക.
എന്നാല്‍ കൊവിഡ് വന്ന ശേഷം മൊത്ത വില്‍പന നടക്കാറില്ല. ലാഭകരമായ കൃഷി എന്നതാണ് താറാവ് കൃഷിയുടെ ഗുണമെന്ന് തോമസ് പറയുന്നു. ഇത്തവണ താറാവിനേ ഇറക്കിയ പാടത്ത് ഈ മാസം അവസാനത്തോടെ നെല്‍കൃഷി ചെയ്യും. വില്‍പന നടക്കാതെ വന്നാല്‍ മറ്റാെരു പാടത്തേക്ക് മാറ്റും. അതൊക്കെ എളുപ്പമുള്ള കാര്യമാണ്.
തന്റെ പതിനൊന്നാം വയസ് മുതല്‍ കൃഷിപ്പണിയിലാണ് തോമസ്. ഇപ്പോള്‍ വയസ് 52. എങ്കിലും ഊര്‍ജ്ജസ്വലതയോടെ തന്റെ ജോലിയില്‍ വ്യാപൃതനാകുകയാണിദ്ദേഹം.