വിത്ത് പാക്കറ്റ് മുതല്‍ രണ്ടു കോടി രൂപവരെയുള്ള പദ്ധതികള്‍; കൃഷി ഭവനുകളില്‍നിന്ന് ലഭ്യമാവുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് അറിയാം

Update: 2021-09-12 03:11 GMT

കൃഷിയെ പ്രോല്‍സാഹിപ്പിക്കാനും കര്‍ഷകരെ സഹായിക്കാനും ആകര്‍ഷകമായ സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാവാതെ പലര്‍ക്കും ഇതെല്ലാം നഷ്ടപ്പെട്ടു പോകാറാണ് പതിവ്. മറ്റുള്ളവര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി അപേക്ഷ നല്‍കേണ്ട കാലാവധി കഴിഞ്ഞാവും മിക്കവരും നമ്മുടെ തൊട്ടടുത്തുള്ള കൃഷിഭവനില്‍ നിന്ന് ലഭ്യമായിരുന്ന പദ്ധതിയെ കുറിച്ച് അറിയുന്നത്. ഫല വൃക്ഷതൈകളും വിത്ത് പാക്കറ്റുകളും മുതല്‍ വന്‍കിട കൃഷി സംരഭകര്‍ക്ക് രണ്ട് കോടി രൂപവരെ ആകര്‍ഷകമായ സബ് സിഡിയില്‍ ലഭ്യമാകുന്ന പദ്ധതികള്‍ നമ്മുടെ പഞ്ചായത്തിലെ കൃഷിഭവനുകള്‍ വഴി നടപ്പാക്കുന്നുണ്ട്. മണ്ണൊരുക്കല്‍ മുതല്‍ വിപണി വരെ സര്‍വ മേഖലകള്‍ക്കും സഹായകരമാണ് കൃഷി വകുപ്പിന്റെ പദ്ധതികള്‍.

സ്വന്തമായി കൃഷി ഭൂമിയുള്ളവര്‍ക്കു മാത്രമല്ല, ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യാനും പദ്ധതികളുണ്ട്. പലപ്പോഴും ഇത്തരം പദ്ധതികളെക്കുറിച്ച് കൃത്യമായ സമയത്ത് അറിയാത്തതു കാരണം പലര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാനും ആനുകൂല്യങ്ങള്‍ നേടാനും കഴിഞ്ഞിട്ടുണ്ടാവില്ല. കൃഷി ഭവനുകളില്‍നിന്ന് ലഭ്യമാവുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.

ഭാരതീയ പ്രകൃതി കൃഷി പദ്ധതി

പ്രകൃതിസൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി (ബിപികെപി). സുഭിക്ഷം സുരക്ഷിതം എന്ന പേരിലാണ് ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത്. പ്രാദേശിക ലഭ്യത അനുസരിച്ചുള്ള ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി. പദ്ധതിയുടെ ഭാഗമാവുന്നവര്‍ക്ക് ഉല്‍പന്നങ്ങള്‍ ജൈവ സര്‍ട്ടിഫിക്കറ്റോടെ വില്‍ക്കുന്നതിനുള്ള അവസരം ലഭിക്കും. അഞ്ച് സെന്റില്‍ എങ്കിലും ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക അതത് കൃഷി ഭവനുകളില്‍നിന്ന് ലഭിക്കും. നികുതി രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ജൈവ കൃഷി രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളായി വില്‍ക്കുന്നതിനുള്ള പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും.

നെല്‍ക്കൃഷി

ഗ്രൂപ്പ് ഫാമിങ്, കരനെല്‍ക്കൃഷി, തരിശുഭൂമിയിലെ നെല്‍ക്കൃഷി എന്നിങ്ങനെ വിവിധ പദ്ധതികളിലായി നെല്‍ക്കൃഷിക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. ഗുണമേന്മയുള്ള വിത്തിന്റെ പ്രചാരണം, കുമ്മായം വിതരണം, പാടശേഖരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, ഉല്‍പാദന ബോണസ്, ജലസേചനത്തിന് സൗജന്യ വൈദ്യുതി എന്നിങ്ങനെയുള്ള പദ്ധതികള്‍ വഴിയും നെല്‍ കര്‍ഷകര്‍ക്ക് സഹായം ലഭിക്കും. പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം, വിള ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളുമുണ്ട്. വിളയിച്ച നെല്ല് സംഭരിക്കാനും സപ്ലൈകോ വഴി സര്‍ക്കാര്‍ പദ്ധതികളുണ്ട്.

സുസ്ഥിര നെല്‍ക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഹെക്ടര്‍ ഒന്നിന് 5,500 രൂപ ലഭിക്കും. പൊക്കാളി, ഞവര, ജീരകശാല, ഗന്ധകശാല, രക്തശാലി, ബസുമതി തുടങ്ങിയ സവിശേഷ നെല്ലിനങ്ങളുടെ കൃഷിക്ക് പ്രോത്സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹെക്ടറിന് 10,000 രൂപയും സബ്‌സിഡി ലഭിക്കും. പാടശേഖര സമിതികളുടെ പ്രവര്‍ത്തനത്തിന് ഹെക്ടറിന് 360 രൂപ, കരനെല്‍ക്കൃഷിക്ക് ഹെക്ടറിന് 13,600, തരിശുനിലക്കൃഷിക്ക് ആദ്യ വര്‍ഷം 30,000 രൂപ ധനസഹായം ലഭിക്കും. ഒരുപ്പൂ കൃഷി ഇരുപ്പൂ കൃഷിയാക്കിയാലും ഹെക്ടറിന് 10,000 രൂപ ധനസഹായമുണ്ട്. നെല്‍ക്കൃഷിക്ക് ഉല്‍പാദന ബോണസ് ആയി ഹെക്ടറിന് 1000 രൂപ വീതവും കര്‍ഷകനു ലഭിക്കും.

ഫലവൃക്ഷത്തൈകള്‍

സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരയ്ക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക, മാംഗോസ്റ്റീന്‍, ചാമ്പയ്ക്ക, പപ്പായ, നേന്ത്രവാഴ, ഞാലിപ്പൂവന്‍ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ ഉല്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും, പൊതുസ്ഥലങ്ങളില്‍ വച്ചുപിടിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇത്. വീട്ടുവളപ്പുകള്‍, സ്‌കൂള്‍ പരിസരം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുക. അവയുടെ ഘട്ടംഘട്ടമായുളള പരിപാലനവും ഉറപ്പുവരുത്തും.

പുഷ്പക്കൃഷിയും ഫലവൃക്ഷങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി ധനസഹായം ലഭ്യമാക്കുന്നുണ്ട്.

പുതിയ പഴത്തോട്ടങ്ങള്‍ ഒരുക്കാന്‍ ഏക്കറിന് 16,000 രൂപ വരെയും പഴയ പഴത്തോട്ടങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ 6,000 രൂപ വരെയും സബ്‌സിഡി ലഭിക്കും. പുഷ്പ വിളകള്‍ കൃഷി ചെയ്യാന്‍ 14,000 രൂപ വരെയും സുഗന്ധ വ്യഞ്ജന വിളകള്‍ക്കും തോട്ടവിളകള്‍ക്കും 8,000 രൂപ വരെയും സബ്‌സിഡി ലഭിക്കും. ഗ്രീന്‍ ഹൗസ് ഒരുക്കാന്‍ ചതുരശ്ര മീറ്ററിന് 935 രൂപ മുതല്‍ ചെലവിന്റെ 50% വരെ സബ്‌സിഡി ലഭിക്കും. ഉല്‍പന്ന സംസ്‌കരണ, സംരക്ഷണ, മൂല്യവര്‍ധന പദ്ധതികള്‍ക്ക് പദ്ധതിച്ചെലവിന്റെ 40% വരെ, പരമാവധി 20 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും.

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 10 രൂപയുടെ പച്ചക്കറി വിത്തുകളുടെ പാക്കറ്റ് പദ്ധതി കാലയളവില്‍ കൃഷി ഭവനുകളില്‍നിന്നു സൗജന്യമായി ലഭിക്കും. മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിക്ക് പോട്ടിങ് മിശ്രിതം നിറച്ച 25 ഗ്രോബാഗുകളും പച്ചക്കറിത്തൈകളും അടങ്ങുന്ന യൂണിറ്റ് നല്‍കുന്ന പദ്ധതിയുമുണ്ട്. 2000 രൂപയുടെ ഗ്രോബാഗ് യൂണിറ്റ് 75% സബ്‌സിഡി നല്‍കി യൂണിറ്റ് ഒന്നിന് 500 രൂപ വിലയ്ക്ക് ലഭ്യമാക്കും. വിത്ത്, തൈകള്‍, വളം എന്നിവ സൗജന്യമാണ്.

വിദ്യാലയങ്ങളുടെ വളപ്പുകളില്‍ പച്ചക്കറിക്കൃഷിക്ക് 5000 രൂപ ധനസഹായം ലഭിക്കും. കൂടാതെ പമ്പ്‌സെറ്റ് /കിണര്‍ എന്നിവ സജ്ജമാക്കാന്‍ 10,000 രൂപയും അനുവദിക്കും. സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞത് 50 സെന്റ് കൃഷി ചെയ്യാന്‍ 2 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് ഹെക്ടറിന് 20,000 രൂപയും പന്തല്‍ ആവശ്യമുള്ള പച്ചക്കറി ഇനങ്ങള്‍ക്ക് 25,000 രൂപയും ധനസഹായമുണ്ട്. 5 ഹെക്റ്റര്‍ കൃഷി ചെയ്യുന്ന ഒരു ക്ലസ്റ്ററിന് ഒരു ലക്ഷം രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെ ലഭിക്കും. തിരഞ്ഞെടുത്ത ക്ലസ്റ്ററുകള്‍ക്ക് ഹരിത ഫണ്ട് ഇനത്തില്‍ 1000 രൂപ ധനസഹായം ലഭിക്കും. തരിശുനിരത്തില്‍ പച്ചക്കറിക്കൃഷിക്ക് ഹെക്ടറിന് 30,000 രൂപ ധനസഹായം (കര്‍ഷകര്‍ക്ക് 25,000 രൂപ, ഭൂവുടമയ്ക്ക് 5000 രൂപ). മഴമറകള്‍ സ്ഥാപിക്കാന്‍ പരമാവധി 50,000 രൂപ ധനസഹായം (100 സ്‌ക്വയര്‍ മീറ്റര്‍) ആകെ ചെലവിന്റെ 75% ആണ് ലഭിക്കുക. തുറന്ന സ്ഥലത്തെ കൃഷിക്ക് വളപ്രയോഗത്തോടുകൂടിയ സൂക്ഷ്മജലസേചനത്തിന് 50 സെന്റിന് 30,000 രൂപ ധനസഹായം ലഭിക്കും.

തെങ്ങുകൃഷി

കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട തെങ്ങിന്‍ തോട്ടങ്ങളില്‍ തടം തുറക്കല്‍, കളനിയന്ത്രണം, പുതയിടല്‍, തൊണ്ടടുക്കല്‍, കുമ്മായവസ്തുക്കള്‍, മഗ്‌നീഷ്യം സള്‍ഫേറ്റ്, ജൈവരാസവളങ്ങള്‍ എന്നിവയ്ക്ക് 50% സബ്‌സിഡി. പരമാവധി 25,000 രൂപ/ഹെക്ടര്‍ (16,000 രൂപ കൃഷിവകുപ്പില്‍ നിന്നുള്ള പദ്ധതി വിഹിതവും 9,000 രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും). തെങ്ങുകയറ്റ യന്ത്രങ്ങള്‍ക്കും പമ്പ് സെറ്റിനും 50% സബ്‌സിഡി. ജൈവവള യൂണിറ്റ് സ്ഥാപിക്കാന്‍ 10,000 രൂപ.

നാളീകേര വികസന ബോര്‍ഡ് കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ പ്രദര്‍ശനത്തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ ഹെക്ടറിന് 17,500 രൂപ ധനസഹായം ലഭിക്കും.

സുഗന്ധവിളകള്‍

വര്‍ഷത്തില്‍ കുറഞ്ഞത് വേരുപിടിപ്പിച്ച 50,000 കുരുമുളകുതൈകള്‍ ഉല്‍പാദിപ്പിക്കുന്ന സ്വയംസഹായസംഘങ്ങള്‍, വനിതാഗ്രൂപ്പുകള്‍, യുവാക്കളുടെ ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് വികേന്ദ്രീകൃത കുരുമുളകുനഴ്‌സറി എന്ന നിലയില്‍ 30,000 രൂപ ധനസഹായം ലഭിക്കും. ഉല്‍പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ഹെക്ടറിന് 10,000 രൂപയും പുതിയ കുരുമുളകുതോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് ഹെക്ടറിന് 20,000 രൂപയും ഇഞ്ചി, മഞ്ഞള്‍ കൃഷിയുടെ വിസ്തൃതി വ്യാപിപ്പിക്കുന്നതിന് ഹെക്ടറിന് 12,500 രൂപയും ജാതി, ഗ്രാമ്പൂ എന്നീ തോട്ടങ്ങളുടെ വിസ്തൃതി വ്യാപനത്തിന് 20,000 രൂപയും ധനസഹായം ലഭിക്കും.

ഔഷധ സസ്യക്കൃഷി

ഔഷധ സസ്യങ്ങളുടെ വിളവിസ്തൃതി വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി 23 ഔഷധ സസ്യങ്ങളുടെ കൃഷിക്കാണ് ധനസഹായം നല്‍കുന്നത്. അപേക്ഷകള്‍ ദേശീയ ഔഷധസസ്യ മിഷന്റെ ഹെഡ് ഓഫിസിലോ ജില്ലാ കൃഷി ഓഫിസിലെ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ക്കോ (ഹോര്‍ട്ടിക്കള്‍ച്ചര്‍) സമര്‍പ്പിക്കണം.

നെല്ലി1,300, അശോകം31,250, കറ്റാര്‍വാഴ8,500; കുടംപുളി12,500, വേപ്പ്7,500, തിപ്പലി12,500, സര്‍പ്പഗന്ധി31,250, ശതാവരി12,500, കൂവളം20000), കുമിഴ്22,500, വയണ15,500, സ്റ്റീവിയ62500, ബ്രഹ്മി8,000, ചിറ്റമൃത്5,500, ചക്കരകൊല്ലി5,000, മേന്തോന്നി68,750, സെന്ന/സുന്നമുഖി/തകര5000, വയമ്പ്12,500, കീഴാര്‍നെല്ലി5,500; കാച്ചില്‍12,500 കുടങ്ങല്‍8,000, തുളസി6,000, ഇരുവേലി8,600 എന്നിങ്ങനെയാണ് ധനസഹായം.

ഹൈടെക് കൃഷി

400 മുതല്‍ 4,000 വരെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പോളിഹൗസുകള്‍ക്കു നിര്‍മാണച്ചെലവിന്റെ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. മലയോര പ്രദേശങ്ങളിലും സമതല പ്രദേശങ്ങളിലും ചതുരശ്ര മീറ്ററിന് വ്യത്യസ്ത നിരക്കാണ് കണക്കാക്കിയിരിക്കുന്നത്. മുന്‍കൂട്ടി തയാറാക്കി സമര്‍പ്പിക്കുന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി ലഭിക്കുക.

മണ്ണ് പരിപോഷണം, വളപ്രയോഗം

സംയോജിത വളപ്രയോഗത്തിന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഏക്കറിന് പരമാവധി 400 രൂപവരെ ധനസഹായം ലഭ്യമാക്കും. സമ്പൂര്‍ണ ജൈവകൃഷി പദ്ധതിക്ക് ഏക്കറിന് 8,000 രൂപ വരെ (മുതല്‍ മുടക്കിന് 50% സബ്‌സിഡി) ധനസഹായം. ഫലപുഷ്ടി കുറഞ്ഞ സ്ഥലങ്ങളില്‍ സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗത്തിന് ഏക്കറിന് 300 രൂപ ലഭിക്കും. ജിപ്‌സം/ കുമ്മായം എന്നിവയുടെ ഉപയോഗത്തിനും ഏക്കറിന് 300 രൂപ സഹായമുണ്ട്. മണ്ണിരകമ്പോസ്റ്റ് (30ത8ത2.5 അടി വ്യാപ്തി) യൂണിറ്റിന് 30,000 രൂപ ധനസഹായം ലഭിക്കും. ജൈവ വളങ്ങളുടെയും ജൈവകീടനാശിനികളുടെയും നിര്‍മാണത്തിന് 40 ലക്ഷം വരെ സബ്‌സിഡി ലഭിക്കും. പ്രതിവര്‍ഷം 200 ടണ്‍ ഉല്‍പാദനത്തിന് 25% തുകയാണ് സബ്‌സിഡിയായി ലഭിക്കുക.

വിള ഇന്‍ഷുറന്‍സ്

കര്‍ഷകര്‍ക്കുള്ള വിളനാശ ഇന്‍ഷുറന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം. സംസ്ഥാന പദ്ധതി പ്രകാരം 27 ഇനം വിളകള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്. www.aims.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പദ്ധതിയുടെ ഭാഗമാകേണ്ടത്.

വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നല്‍, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ചെറിയ പ്രീമിയം അടച്ചാല്‍ മതി. ഒരു ഏത്തവാഴയ്ക്ക് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 300 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം 100 രൂപയും ചേര്‍ത്ത് 400 രൂപ നഷ്ടപരിഹാരം ലഭിക്കും. ഈ സ്‌കീമിന് സമയപരിധിയില്ല.

കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയും വഴിയും വിള ഇന്‍ഷുറന്‍സ് ലഭിക്കും. അക്ഷയ കേന്ദ്രം, കൃഷിഭവന്‍, പ്രാഥമിക സഹകരണ സംഘം, കാര്‍ഷിക വായ്പ എടുത്തിട്ടുള്ള ബാങ്ക് എന്നിവ വഴി പദ്ധതിയില്‍ ചേരാം.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികള്‍

ഡ്രാഗണ്‍ഫ്രൂട്ട് കൃഷിക്ക് ഹെക്ടറിന് 30,000 രൂപയും നേന്ത്രവാഴക്കൃഷിക്ക് ഹെക്ടറിന് 26,000 രൂപയും കൈതച്ചക്ക കൃഷിക്ക് 26,250 രൂപയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി ധനസഹായം ലഭിക്കും. ടിഷ്യുകള്‍ച്ചര്‍ വാഴയ്ക്ക് ഹെക്ടറിന് 37,500 രൂപയും റമ്പൂട്ടാന്‍, ഞാവല്‍, മാംഗോസ്റ്റിന്‍, പ്ലാവ്, പാഷന്‍ഫ്രൂട്ട് എന്നിവയ്ക്ക് ഹെക്ടറിന് 18,000 രൂപ വീതവും സാമ്പത്തിക സഹായം ലഭിക്കും. സങ്കരയിനം പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിക്ക് ഹെക്ടറിന് 20,000 രൂപയും അലങ്കാരപ്പൂക്കളുടെ കൃഷിക്ക് (1000 ചെടികളുള്ള യൂണിറ്റിന്) 40,000 രൂപയും ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ കൃഷിക്ക് 12,000 രൂപയും കുരുമുളകിന് 20,000 രൂപയും ധനസഹായമുണ്ട്. തോട്ടവിളകളില്‍ കശുവണ്ടി, കൊക്കോ എന്നിവയ്ക്ക് 12,000 രൂപയും ധനസഹായം ലഭിക്കും.

മഴവെള്ള സംഭരണത്തിനുള്ള കുളങ്ങള്‍ തയാറാക്കുന്നതിന് 75,000 രൂപവരെ സഹായം ലഭിക്കും. മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റിന് പരമാവധി 50,000 യൂണിറ്റ് വരെയും ലഭിക്കും. കൃഷിയന്ത്രങ്ങള്‍ വാങ്ങുന്നതിന് 50 ശതമാനം സബ്‌സിഡി ലഭിക്കും. പരമാവധി ഒന്നരലക്ഷം രൂപവരെ. ഫ്രൂട്ട് റൈപ്പനിങ് ചേംബറിന് 35ശതമാനം വരെ സബ്‌സിഡി ലഭിക്കും. പരമാവധി 35,000 രൂപ. പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതിന് ഉന്തുവണ്ടികള്‍ വാങ്ങാന്‍ 15,000 രൂപവരെയും സബ്‌സിഡി ലഭിക്കും.

പിഎംകിസാന്‍ പദ്ധതി

പ്രധാനമന്ത്രികിസാന്‍ പദ്ധതി പ്രകാരം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം പ്രതിവര്‍ഷം അര്‍ഹതയുള്ള ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കുന്നു. 2000 രൂപയുടെ 3 തവണകളായി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും. ഈ പദ്ധതിയില്‍, 1.38 ലക്ഷം കോടി രൂപ ഇതുവരെ കര്‍ഷക കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

കാര്‍ഷിക സംരംഭങ്ങള്‍ക്ക് വായ്പ

കേരളത്തിലെ കാര്‍ഷിക മേഖലയിലെ പുതിയ സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഗ്രിക്കള്‍ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഎഫ്) പദ്ധതി പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ഇമാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോം, െ്രെപമറി പ്രോസസിങ് സെന്ററുകള്‍ വെയര്‍ഹൗസുകള്‍, സോര്‍ട്ടിങ് ഗ്രേഡിങ് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സപ്ലൈ ചെയിന്‍ സേവനങ്ങള്‍ പോലുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സഹായം ലഭിക്കുക.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി https://agriinfra.dac.gov.in/ എന്ന വെബ്‌സൈറ്റില്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കി ലോഗിന്‍ ഐഡി രൂപപ്പെടുത്തിയാല്‍ സംരംഭകര്‍ക്ക് നേരിട്ട് അപേക്ഷിക്കാം. വിശദമായ റിപ്പോര്‍ട്ടും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

രണ്ടു കോടി രൂപവരെ വായ്പ ലഭിക്കുന്നതിന് സംരംഭകര്‍ക്ക് ഈട് നല്‍കേണ്ടിവരില്ല എന്നതാണ് പ്രധാന പ്രത്യേകത കൂടാതെ, ക്രെഡിറ്റ് ഇന്‍സെന്റീവ് പ്രകാരം മൂന്നു ശതമാനം പലിശ സബ്‌സിഡി ലഭിക്കും. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ വഴിയാകും വായ്പ ലഭ്യമാകുക.

പദ്ധതിയില്‍ പങ്കാളികളാകുന്ന ബാങ്കുകള്‍: യൂകോ ബാങ്ക് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.

Tags:    

Similar News