വീട്ടില്‍ താമര വളര്‍ത്താം ഈസിയായി
താമരകൃഷി ചെയ്യുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ചില ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴിയോ താമരവിത്ത് സംഘടിപ്പിക്കാനാവും.
കോഴിക്കോട്:നിറത്തിലും വലുപ്പത്തിലും ആരുടെയും മനം കവരുന്നവയാണ് താമരപ്പൂക്കള്‍. കേരളത്തില്‍ ഏറ്റവുമധികം താമര കൃഷി ചെയ്യുന്ന തിരുനാവായിലെ താമരപ്പാടങ്ങളില്‍ വിടര്‍ന്നുകിടക്കുന്ന ആയിരക്കണക്കിനു താരപ്പൂക്കള്‍ ചേതോഹരമായ കാഴ്ച്ചയാണ്. വീട്ടുമുറ്റത്തും താമര വളര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് ചെയ്യാവുന്നതേയുള്ളൂ. ചെറിയ ചില മുന്നൊരുക്കങ്ങള്‍ വേണമെന്നു മാത്രം. അതിന് ആദ്യം വേണ്ടത് താമരവിത്ത് സംഘടിപ്പിക്കലാണ്. താമരകൃഷി ചെയ്യുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ചില ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴിയോ താമരവിത്ത് സംഘടിപ്പിക്കാനാവും. താമര വിത്തിന്റെ തോടിന് കട്ടികൂടുതലായതിനാല്‍ അത് പിളര്‍ന്ന് നാമ്പ് പുറത്തുവരാന്‍ അധികം സമയമെടുക്കും. ഇതിനു പരിഹാരമായി വിത്തിന് മുകളില്‍ ചുറ്റിക കൊണ്ട് ചെറുതായി അടിച്ച് തോടിന് ചെറിയ പിളര്‍പ്പുണ്ടാക്കിയാല്‍ നാലു ദിവസം കൊണ്ടു വിത്തില്‍ മുള പൊട്ടും.
ഇങ്ങിനെ തയ്യാറാക്കിയ വിത്തുകള്‍ ചെറിയ പാത്രത്തില്‍ വെള്ളം നിറച്ച് അതിലിട്ടുവെക്കണം. നാലാം ദിവസം വിത്ത് തളിരിട്ട് വേരുകള്‍ പുറത്തേക്കുവരും.
കുറച്ചു ദിവസം കൂടി അതില്‍ തന്നെ നിലനിര്‍ത്തണം. ഒരോ ദിവസവും പാത്രത്തിലെ വെള്ളം മാറ്റാന്‍ ശ്രദ്ധിക്കണം. ചെറിയ ഇല രൂപപ്പെട്ടു കഴിഞ്ഞാല്‍ തൈകള്‍ വളര്‍ത്താനുള്ള വലിയ പാത്രത്തിലേക്കു മാറ്റാം.
ജലസസ്യമാണെങ്കിലും താമര വളരാന്‍ ചെളിയുള്ള മണ്ണ് ആവശ്യമാണ്. ഇതിനായി മുക്കാല്‍ ഭാഗം കളിമണ്ണും കാല്‍ഭാഗം മണ്ണും മിക്‌സ് ചെയ്ത് പാത്രത്തില്‍ നിറക്കാം. വലിയ പാത്രം നിറയെ മണ്ണ് നിറക്കുന്നതിനു പകരം, അതിന്റെ കാല്‍ഭാഗത്തില്‍ താഴെ വലുപ്പമുള്ള മറ്റൊരു പാത്രമെടുത്ത് അതില്‍ മണ്ണും ചെളിയും നിറച്ചാല്‍ മതിയാകും. മണ്ണിന്റെ പത്തു ശതമാനം ജൈവവളവും ചേര്‍ക്കണം. ഇത് വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കണം. ഇതില്‍ വേണം തൈകള്‍ മാറ്റി നടാന്‍.
താമരത്തൈകള്‍ നട്ട ചെറിയ പാത്രം വലിയ പാത്രത്തില്‍ ഇറക്കിവെച്ചചതിനു ശേഷം വലിയ പാത്രത്തിന്റെ പകുതിയോളം വെള്ളം നിറക്കാം. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം താമരച്ചെടി വെക്കേണ്ടത്. ഇനി താമരച്ചെടി വളര്‍ന്നുകൊള്ളും.