ജൈവ ഡീസലുണ്ടാക്കുന്ന ജാര്‍ഖണ്ഡിലെ മാതൃക പിന്തുടരാന്‍ കേരളം
കെഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ രൂപംകൊടുത്ത ആറംഗ ഉപദേശകസമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
ന്യൂഡല്‍ഹി: പായലില്‍ നിന്ന് ജൈവ ഡീസലുണ്ടാക്കുന്ന ജാര്‍ഖണ്ഡിലെ മാതൃക പിന്തുടരാന്‍ കേരളസര്‍ക്കാര്‍ സാധ്യതാപഠനം തുടങ്ങി. സംസ്ഥാനത്ത് ധാരാളമുള്ള ആഫ്രിക്കന്‍ പായലിന്റെ ശേഖരണം, സംസ്‌കരണം, പാക്കിങ് എന്നിവ പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളേജില്‍ പുരോഗമിക്കുകയാണ്. കാര്‍ഷിക സര്‍വകലാശാലയിലും ജാര്‍ഖണ്ഡിലുമായി അടുത്തഘട്ട പഠനങ്ങള്‍ നടക്കും.
ജാര്‍ഖണ്ഡില്‍ പദ്ധതി നടപ്പാക്കിയ എന്‍ജിനിയര്‍ വിശാല്‍ പ്രസാദ് ഗുപ്തയുമായി സഹകരിച്ച് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലാണ് (കെഡിസ്‌ക്) പഠനത്തിന് നേതൃത്വം നല്‍കുന്നത്. സൂക്ഷ്മ പായലില്‍ നിന്ന് വിശാല്‍ ഗുപ്തയുണ്ടാക്കിയ ജൈവഡീസല്‍ റാഞ്ചിയിലെ പ്രത്യേക പമ്പ് വഴി വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിശാല്‍ഗുപ്തയെ രണ്ടുതവണ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയശേഷം സാങ്കേതികസഹായം അഭ്യര്‍ഥിച്ചു.
കെഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ രൂപംകൊടുത്ത ആറംഗ ഉപദേശകസമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ എട്ടിന് നടക്കുന്ന ഉപദേശകസമിതി യോഗത്തിന് മുന്‍പായി പ്രാഥമിക പഠന റിപോര്‍ട്ട് സമര്‍പ്പിക്കും. ഡോ. ബിനോയ് ടി തോമസിന്റെ നേതൃത്വത്തില്‍ കാതോലിക്കേറ്റ് കോളജില്‍ പുരോഗമിക്കുന്ന ആദ്യഘട്ടത്തിനുശേഷം കാര്‍ഷിക സര്‍വകലാശാലയില്‍ തുടര്‍വിശകലനം നടത്തും. ആലപ്പുഴയില്‍ നിന്നുള്ള ആഫ്രിക്കന്‍ പായലുകള്‍ സംസ്‌കരിച്ചശേഷം ഇന്ധനോത്പാദനത്തിനായി ജാര്‍ഖണ്ഡിലേക്കുമയക്കും. ഒരേ സാംപിള്‍ തന്നെ വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വിലയിരുത്തും.
വെള്ളാനിക്കര കാര്‍ഷിക കോളജിലെ ഡോ. കെ സുരേന്ദ്ര ഗോപാല്‍ അധ്യക്ഷനും കെഡിസ്‌ക് പ്രോഗ്രാം എക്‌സിക്യുട്ടീവ് വി ആതിര കണ്‍വീനറുമായ ഉപദേശകസമിതിയില്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ഷാജി ജെയിംസ്, കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. ബിനോയ് ടി തോമസ്, തൃശ്ശൂര്‍ എന്‍ജിനിയറിങ് കോളജിലെ ഡോ. പി എ സോളമന്‍, നെതര്‍ലാന്‍ഡ്‌സിലെ ഗ്രോനിംഗെന്‍ യൂനിവേഴ്‌സിറ്റി പ്രൊഫ. പി വി അരവിന്ദ് എന്നിവരാണുള്ളത്.