ചരിത്രത്തിലാദ്യമായി നാഗാലാൻഡിൽ മേഘപ്പുലികളെ കണ്ടെത്തുമ്പോൾ
ഇന്തോ-മ്യാൻമർ അതിർത്തിയിലെ സമുദ്രനിരപ്പിൽ നിന്ന് 3700 മീറ്റർ ഉയരത്തിലുള്ള വനത്തിലാണ് ഈ മൃഗത്തെ കണ്ടെത്തിയത്.
ഡൽഹിയിൽ നിന്നുള്ള ഗവേഷകർ നാഗാലാന്റിൽ ചില പുതിയ കണ്ടെത്തലുകൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണിപ്പോൾ. ലോകത്തുള്ള വന്യജീവി, പരിസ്ഥിതി പ്രേമികൾക്ക് വേണ്ടി ഒരു സന്തോഷവാർത്തയാണ് ഈ ഗവേഷകർക്ക് പറയാനുള്ളത്. നാഗാലാന്റിലെ ഒരു വനത്തിനുള്ളിൽ നിന്നും ക്ലൗഡഡ് ലെപ്പഡ് (മേഘപ്പുലി) ഇവർ കണ്ടെത്തിയത്. ലോകത്തിലെ സുപ്രധാന കണ്ടെത്തലുകളിലൊന്നാണിത്.
നാഗാലാന്റിലെ ഒരു ഗോത്ര സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള വനത്തിനുള്ളിൽ നിന്ന് ഒരു കൂട്ടം പുള്ളിപ്പുലികളെ ഗവേഷകർ വെച്ച ക്യാമറയിൽ പെടുകയായിരുന്നു. ഇന്തോ-മ്യാൻമർ അതിർത്തിയിലെ സമുദ്രനിരപ്പിൽ നിന്ന് 3700 മീറ്റർ ഉയരത്തിലുള്ള വനത്തിലാണ് ഈ മൃഗത്തെ കണ്ടെത്തിയത്. ലോകത്ത് ഇന്നുവരെ ഈ മൃഗത്തെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ഉയരത്തിലാണ് ഇപ്പോഴത്തെ ഈ കണ്ടെത്തൽ.
മേഘങ്ങളോട് സാദൃശ്യമുള്ള പാറ്റേണുകളാണ് ഈ പുലികളുടെ പ്രത്യേകത. പുള്ളിപ്പുലി മരത്തിൽ കയറുന്നത് മുമ്പ് പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും, ഈ ഒരു ഇനം സാധാരണയായി താഴ്ന്ന ഉയരത്തിലുള്ള നിത്യഹരിത മഴക്കാടുകളിലാണ് വസിക്കുന്നത്. ഈ വിഭാഗത്തിന് ഇത്രയും ഉയർന്ന സ്ഥലങ്ങളിലും ജീവിക്കാൻ കഴിയുമെന്നതാണ് ഗവേഷണത്തിലൂടെ മനസിലാക്കാൻ സാധിച്ചത്. നിയോഫെലിസ് നെബുലോസ വിഭാഗത്തിലുള്ള രണ്ട് മുതിർന്ന പുള്ളിപ്പുലികളേയും അവയുടെ രണ്ട് കുഞ്ഞുങ്ങളേയും കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്.
വലിയ കാട്ടുപൂച്ചുകളിൽ വെച്ച് ഏറ്റവും ചെറിയ ഇനമായാണ് മേഘപ്പുലികളെ കണക്കാക്കുന്നത്. ഐയുസിഎൻ വർഗീകരണത്തിന് കീഴിൽ അവയെ വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗമായി രേഖപ്പെടുത്തിയിരിക്കുന്നു. ഐയുസിഎൻ/ സ്പീഷിസ് സർവൈവൽ കമ്മീഷൻ (എസ്എസ്‌സി) ക്യാറ്റ് സ്‌പെഷ്യലിസ്റ്റ് സംഘത്തിന്റെ ദ്വൈവാർഷിക വാർത്താക്കുറിപ്പായ ക്യാറ്റ് ന്യൂസിന്റെ വിന്റർ 2021 ലക്കത്തിലാണ് പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ഡബ്ല്യുപിഎസ്‌ഐ) നേതൃത്വത്തിലുള്ള ഗവേഷകരാണ് നാഗാലാന്റിലെ കിഫിർ ജില്ലയിൽ തനാമിർ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഫോറസ്റ്റിൽ 3,700 മീറ്റർ ഉയരത്തിൽ മേഘാവൃതമായ പുള്ളിപ്പുലികളുടെ ചിത്രങ്ങൾ കാമറ ട്രാപ്പിൽ പകർത്തിയത്. 65 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനത്തിലാണ് നാഗാലാൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സാരമതി പർവ്വതം സ്ഥിതി ചെയ്യുന്നത്.
ഈ പ്രദേശത്തിന്റെ ജൈവ-സാംസ്‌കാരിക വൈവിധ്യം രേഖപ്പെടുത്താനായി ഡബ്ല്യുപിഎസ്‌ഐയും തനാമിർ വില്ലേജും തമ്മിൽ സഹകരിച്ചുകൊണ്ട് നടത്തുന്ന സംരംഭത്തിന്റെ ഭാഗമായിട്ടായിരുന്നു സർവ്വേ സംഘടിപ്പിച്ചത്. തനാമിറിൽ നിന്നും അഞ്ച് പ്രദേശവാസികൾ ഉൾപ്പെടുന്ന സംഘം, ഗ്രാമത്തിലെ വനത്തിനുള്ളിൽ അമ്പതിലധികം ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിരുന്നു. 2020 ജനുവരി മുതൽ ജൂൺ വരേയും പിന്നീട് 2021 ജൂലൈ മുതൽ സെപ്തംബർ വരേയുമായിരുന്നു സർവ്വേ.
മുമ്പ്, സിക്കിമിൽ 3720 മീറ്റർ ഉയരത്തിൽ ഈ ഇനത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് കണ്ടെത്തിയത് സംസ്ഥാനത്തിന്റെ സംരക്ഷിത വനത്തിനുള്ളിലായിരുന്നു എന്നതാണ് പ്രത്യേകത. ഇതാദ്യമായാണ് ഒരു ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ള വനത്തിനുള്ളിൽ നിന്നും 3700ലധികം മീറ്റർ ഉയരത്തിൽ ഈ ജീവിവർഗത്തെ കണ്ടെത്തുന്നത്. സംരക്ഷിക്കാത്ത വനങ്ങൾ പോലും ഗണ്യമായ അളവിൽ ജൈവവൈവിധ്യം നിലനിർത്തുന്നുവെന്നാണ് ഇപ്പോഴത്തെ ഈ കണ്ടെത്തലിലൂടെ മനസിലാക്കാൻ സാധിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.