ചെലവു കുറഞ്ഞ കൃഷിരീതികള്‍ വ്യാപകമാക്കണം: മന്ത്രി ജി ആര്‍ അനില്‍
നെല്ല് ഉത്പാദനത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവില ഉറപ്പാക്കണം.
തിരുവനന്തപുരം: ചെലവു കുറഞ്ഞ കൃഷിരീതികള്‍ സംസ്ഥാനത്തു വ്യാപകമാക്കണമെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ സഹകരണത്തോടെ ആത്മയും കൃഷി വിജ്ഞാന്‍ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കിസാന്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ഉത്പാദനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. നെല്ല് ഉത്പാദനത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവില ഉറപ്പാക്കണം. ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ന്യായമായ വിലയ്ക്കു ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. കൃഷി നാശ നഷ്ടങ്ങള്‍ അതിജീവിക്കാന്‍ കര്‍ഷകര്‍ ഇന്‍ഷുറന്‍സ് കവറേജ് എടുക്കണം. ഇതിനെക്കുറിച്ചു കര്‍ഷകര്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
ഐസിഎആര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര മിത്ര നികേതന്‍ സിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ പി പത്മകുമാര്‍, തിരുവനന്തപുരം ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എസ് ആര്‍ രാജേശ്വരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബൈജു എസ് സൈമണ്‍, എക്സ്റ്റന്‍ഷന്‍ കൃഷി അഡിഷണല്‍ ഡയറക്ടര്‍ എസ് സുഷമ, എന്‍ഡബ്ല്‌യുഡിപിആര്‍എ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍ എസ് ജയറാണി, സിആര്‍ഇഡിഎടി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീലത, മിത്രാനികേതന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. രഘു രാമദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.