ശൈത്യകാലത്തെ ഒമാനിലെ മഞ്ഞുമലകൾ; അതിശൈത്യത്തെ ആഘോഷമാക്കി ജനങ്ങൾ
കഴിഞ്ഞ വർഷം ഒമാനിൽ കൊടും തണുപ്പ് സീസൺ എത്തിയിരുന്നില്ല. തണുപ്പ് കൂടുന്ന സമയം തുടങ്ങിയാൽ രാത്രി കാലങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറയാറുണ്ട്, എന്നാൽ ഇത്തവണ അങ്ങിനെയല്ല അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു
ഒമാനിന്റെ പല ഭാഗത്തും വലിയ തണുപ്പാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഒമാനിലെ സൈക്, മഖ്ഷിൻ, ഹൈമ എന്നീ പ്രദേശങ്ങളിൽ പത്ത് ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു കഴിഞ്ഞ ദിവസത്തെ തണുപ്പ്. ഒമാനിലെ സൈകിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. എങ്കിലും ഈ ശൈത്യത്തെ ആഘോഷമാക്കുന്ന കാഴ്ച്ചകളാണ് ഇപ്പോൾ ഒമാനിൽ കാണാൻ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.5 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില. പർവത മേഖല പ്രദേശങ്ങളിൽ പല ഇടത്തും ഐസ് കട്ടകൾ രൂപപ്പെട്ടതായും മഞ്ഞ് വീഴ്ച തുടങ്ങിയതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ വാരാന്ത്യത്തിൽ താപനില പൂജ്യത്തിന് താഴെയായതിന് പിന്നാലെ ഹജർ പർവതങ്ങളിൽ മഞ്ഞ് മൂടിയിരിക്കുകയാണ്. ഒമാനികളും തലസ്ഥാനമായ മസ്‌കത്തിലെ വിദേശികളും ജബൽ അഖ്ദറിൽ താപനില -3 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിട്ടും മഞ്ഞുമൂടിയ ഭൂപ്രകൃതി കാണാൻ ഒഴുകിയെത്തുകയാണ്.
കഴിഞ്ഞ വർഷം ഒമാനിൽ കൊടും തണുപ്പ് സീസൺ എത്തിയിരുന്നില്ല. തണുപ്പ് കൂടുന്ന സമയം തുടങ്ങിയാൽ രാത്രി കാലങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറയാറുണ്ട്, എന്നാൽ ഇത്തവണ അങ്ങിനെയല്ല അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇപ്പോൾ തണുപ്പിന് ഇടുന്ന വസ്ത്രങ്ങളുടെ വിപണി ചെറുതായിട്ട് ഉണരുന്ന സമയം ആണ്. തണുപ്പുകാല വസ്ത്രങ്ങൾക്ക് ആവശ്യക്കാർ വർധിച്ച് വരുകയാണെന്ന് കച്ചവടക്കാർ പറയുന്നു.
"ഇവിടെ തണുത്തുറയുകയാണ്. ഒമാനല്ല, സ്വിറ്റ്‌സർലൻഡിനെപ്പോലെയാണ് ഇത് അനുഭവപ്പെടുന്നത്, " ബ്രിട്ടീഷ് പൗരനായ ഇയാൻ ഫിലിപ്‌സ് പറയുന്നു. "എല്ലായിടത്തും മഞ്ഞ്, മൂടിയിരിക്കുന്നു. ഇത് ഒമാനിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ പെയ്ത മഴയും വെള്ളപ്പൊക്കവും കാരണം ജനുവരിയിൽ താപനില ഇത്രയും കുറയുന്നത് അസാധാരണമാണ്. സാധാരണയായി, ഫെബ്രുവരിയിലാണ് ഈ മേഖലകളിൽ താപനില പൂജ്യത്തിലേക്ക് എത്തുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥാ ഓഫീസിൽ നിന്ന് വിരമിച്ച ഡയരക്ടർ ബാദർ അൽ റൂംഹി പറയുന്നു.
ഹജർ പവർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ ഒന്നാണ് 3,000 മീറ്റർ ഉയരത്തിലുള്ള ജബൽ അഖ്ദർ. പുതുവർഷ രാവ് മുതൽ രാജ്യത്തുടനീളം പെയ്ത കനത്ത മഴയെ തുടർന്നാണ് ഇവിടെ മഞ്ഞുവീഴ്ച ആരംഭിച്ചത്.
"യൂറോപ്പിലെന്നപോലെ ഇവിടെയും മഞ്ഞ് മൃദുവും വെളുത്തതുമാണ്. ഇന്നലെ രാത്രി മുഴുവൻ മഞ്ഞു പെയ്തു. ഞങ്ങൾക്ക് താഴെയുള്ള എല്ലാ മരങ്ങളും വെളുത്ത നിറത്തിൽ മൂടപ്പെട്ടിരിക്കുന്നു, മലമുകളിൽ മഞ്ഞ് നിറഞ്ഞിരിക്കുന്നു, "മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ ഡ്യൂട്ടി ഓഫീസർ അബ്ദുല്ല അൽ ഹിലാലി പറഞ്ഞു.
"ഒരു പോരായ്മ ഇവിടെ തണുത്തുറഞ്ഞതിനാൽ നമുക്ക് തീ കത്തിക്കാൻ കഴിയില്ല എന്നത് മാത്രമേയുള്ളു, സന്ദർശകരുടെ സ്ഥിരമായ ഒഴുക്കിൽ സന്തോഷമുണ്ടെന്നും പ്രദേശത്തെ റെസ്റ്റോറന്റ് ഉടമകൾ പറയുന്നു. സാധാരണയേക്കാൾ ഒരു മാസം മുമ്പ് തന്നെ മഞ്ഞ് പെയ്തതിനാൽ ഇത്തവണ ബിസിനസ്സ് മികച്ചതാണെന്ന് ഹെയിൽ യമൻ ഗ്രാമത്തിൽ റെസ്റ്റോറന്റ് നടത്തുന്ന ആദിൽ അൽ സുബ്ഹി പറയുന്നു.
ഒക്ടോബറിൽ ശഹീൻ ചുഴലിക്കാറ്റ് സുൽത്താനേറ്റിൽ ആഞ്ഞടിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് മഴ കാരണമായെങ്കിലും മനോഹരമായ വെള്ളച്ചാട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ കഴിഞ്ഞെന്ന് പ്രദേശവാസികൾ പറയുന്നു.