മലിനീകരണം; ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഇന്ത്യയില്‍
മൊത്തം മരണങ്ങളില്‍ ആറിലൊന്നുവരും ഇത്. വായുമലിനീകരണമാണ് ഏറ്റവും മാരകം. മലിനീകരണവും ആരോഗ്യവും സംബന്ധിച്ച് 2015-ല്‍ പ്രസിദ്ധീകരിച്ച ആദ്യ റിപോര്‍ട്ട് പുതുക്കുകയാണ് ഇപ്പോള്‍ ചെയ്തത്.
ന്യൂഡല്‍ഹി: മലിനീകരണം മൂലം ലോകത്തുണ്ടാകുന്ന മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് പഠനം. രണ്ടാമത് ചൈനയാണ്. ലോകത്താകമാനം 2019-ല്‍ 90 ലക്ഷം ആളുകള്‍ മലിനീകരണം കാരണം മരിച്ചുവെന്ന് ലാന്‍സെറ്റ് പ്ലാനെറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 23.5ലക്ഷം പേര്‍ ഇന്ത്യയിലാണ്. 16.7ലക്ഷം പേര്‍ മരിച്ചത് അന്തരീക്ഷ മലിനീകരണം കാരണമാണ്.
മൊത്തം മരണങ്ങളില്‍ ആറിലൊന്നുവരും ഇത്. വായുമലിനീകരണമാണ് ഏറ്റവും മാരകം. മലിനീകരണവും ആരോഗ്യവും സംബന്ധിച്ച് 2015-ല്‍ പ്രസിദ്ധീകരിച്ച ആദ്യ റിപോര്‍ട്ട് പുതുക്കുകയാണ് ഇപ്പോള്‍ ചെയ്തത്. മൊത്തം മരണസംഖ്യയില്‍ വ്യത്യാസം കണ്ടെത്തിയിട്ടില്ല.
ഇന്ത്യയില്‍ 9.8 ലക്ഷം മരണവും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പിഎം 2.5 തോത് ഉയര്‍ന്നതുകൊണ്ടാണ്. 6.1 ലക്ഷം മരണം വീടുകളിലെ വായു മലിനീകരണം കാരണമാണെന്നും ലാന്‍സെറ്റ് വിശദീകരിക്കുന്നു.
ഇന്ത്യയില്‍ 93 ശതമാനം പ്രദേശങ്ങളിലും പിഎം 2.5 തോത് ലോകാരോഗ്യ സംഘടന നിശ്ചയിച്ചതിനും ഏറെ മുകളിലാണ്. ഗംഗാ സമതലത്തിലാണ് മലിനീകരണ തോത് കൂടുതല്‍. ഇവിടുത്തെ ഭൂപ്രകൃതി, കാലാവസ്ഥ, വ്യവസായം, കൃഷി എന്നിവയില്‍ നിന്നും വലിയതോതില്‍ അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.