മിസോറാമില്‍ പുതിയ ഇനം ഉറുമ്പുകള്‍: കണ്ടെത്തിയത് മലയാളി ഗവേഷകരുടെ സംഘം
മിസോറാമിലെ ഫാങ്പൂയ് നാഷണൽ പാർക്കിൽ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്
ന്യൂഡൽഹി: മിസോറാമിൽ രണ്ട് പുതിയ ഇനം ഉറുമ്പുകളെ മലയാളി ഗവേഷകരുടെ സംഘം കണ്ടെത്തി. മിർമിസിന വിഭാഗത്തിൽപ്പെടുന്ന 2 അപൂർവ ഇനം ഉറുമ്പുകളെയാണ് കണ്ടെത്തിയത്. മലയാളികളായ ഡോ. പ്രിയദർശനൻ, ധർമ്മ രാജൻ, അനൂപ് കരുണാകരൻ, അശ്വജ് പുന്നത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഉറുമ്പുകളെ കണ്ടെത്തിയത്. ബംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റിലെ ഗവേഷകരാണ് ഇവർ.
ഉറുമ്പുകൾക്ക് മിർമിസിന ബാവയ് (Myrmecina bawai), മിർമിസിന റെട്ടിക്കുലാറ്റ (Myrmecina reticulata) എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്. രജതജൂബിലി ആഘോഷിക്കുന്ന എട്രീയുടെ സ്ഥാപകനും പ്രശസ്ത പരിസ്ഥിതി ഗവേഷകനുമായ ഡോ. കമൽജിത്ത് എസ്. ബാവയോടുള്ള ആദരസൂചനകമായാണു പുതിയ ഇനം ഉറുമ്പിനു മിർമിസിന ബാവയ് എന്നു പേരിട്ടിരിക്കുന്നതെന്നു ഡോ. പ്രിയദർശനൻ ധർമ്മ രാജൻ പറഞ്ഞു.
മിസോറാമിലെ ഫാങ്പൂയ് നാഷണൽ പാർക്കിൽ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്. ഇളം കറുപ്പോടു കൂടിയ മഞ്ഞ നിറമാണ് ഈ ഉറുമ്പുകൾക്കുള്ളത്. ഇവ ഈ വിഭാഗത്തിൽപ്പെട്ട മറ്റ് ഉറുമ്പുകളിൽ നിന്ന് വ്യത്യസ്‍തമാണെന്ന് ഗവേഷകർ പറയുന്നു. ഈ ഉറുമ്പുകൾ 30–150 പേരുള്ള ചെറു കുടുംബങ്ങളായി കട്ടിലോ കല്ലിനിടയിലോ വീണ് കിടക്കുന്ന മരങ്ങൾക്കടിയിലോ ആണ് സാധാരണയായി കഴിയുന്നത്. അജ്ഞാതവാസം നയിക്കുന്നതിനാൽ ഇവരുടെ സ്വഭാവ ജീവിത രീതികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്.
മിസോറാമിലെ മാമിറ്റ് ജില്ലയിലെ ടാമ്പ കടുവ സങ്കേതത്തിൽ സമുദ്ര നിരപ്പിൽ നിന്നു 409 മീറ്റർ ഉയരത്തിലാണ് മിർമിസിന റെട്ടിക്കുലാറ്റ ഉറുമ്പിനെ കണ്ടെത്തിയത്ത്. മിസോറാമിൽ നിന്ന് ഇതാദ്യമായാണ് മിർമിസിന ഉറുമ്പുകളെ കണ്ടെത്തുന്നത്. അതോടെ ഇന്ത്യയിൽ ആകെ ഏഴ് ഇനം മിർമിസിന ഉറുമ്പുകളുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിൽ മൂന്നെണ്ണത്തിനെ കേരളത്തിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്.