സ്ത്രീകൾ അധ്വാനത്തിന്റെ പൊൻകതിർ കൊയ്തെടുക്കുമ്പോൾ അവരൊന്നിച്ച് കൊയ്തുപാട്ട് പാടുകയാണ്
മാള ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഫടികം കര്‍ഷക സമിതിക്ക് രൂപം നല്‍കിയാണ് 22 സ്ത്രീകള്‍ കൃഷിയിലേക്ക് കടന്നു വന്നത്. 22 വർഷം തരിശിട്ടിരുന്ന ഭൂമിയിൽ വിളവൊരുക്കിയാണ് 22 സ്ത്രീകൾ നേട്ടം കൈവരിക്കുന്നത്.
സലീം എരവത്തൂർ
സ്ത്രീകൾ അധ്വാനത്തിന്റെ പൊൻകതിർ കൊയ്തെടുക്കുമ്പോൾ അവരൊന്നിച്ച് കൊയ്തുപാട്ട് പാടുകയാണ്. മാള ഗ്രാമപഞ്ചായത്തിലെ കാരൂരിൽ 22 വർഷം തരിശ്ശായി കിടന്ന കാരൂർ പാടശേഖരത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി കൃഷി ചെയ്ത് വിളവെടുപ്പ് നടത്തുന്ന 22 സ്ത്രീകളാണ് പാട്ടുകള്‍ പാടി കൊയ്ത്ത് നടത്തുന്നത്.
കഴിഞ്ഞ അഞ്ചുവർഷവും ഒരുപ്പുകൃഷി ചെയ്യുന്ന ഇവരുടെ കണക്കു പുസ്തകത്തിൽ ലാഭത്തിന്റെ അക്കങ്ങൾ മാത്രമാണുള്ളത്. തരിശുകിടന്ന പാടശേഖരത്തിലെ 11 ഏക്കർ കൃഷി ചെയ്യാനേറ്റെടുക്കുമ്പോൾ കർഷകനായ കദളിപ്പറമ്പിൽ വിജയൻ എഴുതി ചിട്ടപ്പെടുത്തിയ കാരൂരു പാടത്തിൻ്റെ സ്വന്തം കൊയ്ത്തുപാട്ടാണ് ഇവർ പാടുന്നത്. വിജയന്റെ ഭാര്യ ഓമനയുടെ നേതൃത്വത്തിൽ പാട്ടും പാടി കൊയ്ത്തിനെ ഈ പെൺകൂട്ടം ഉത്സവമാക്കി മാറ്റുകയാണ്.
മാള ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഫടികം കര്‍ഷക സമിതിക്ക് രൂപം നല്‍കിയാണ് 22 സ്ത്രീകള്‍ കൃഷിയിലേക്ക് കടന്നു വന്നത്. 22 വർഷം തരിശിട്ടിരുന്ന ഭൂമിയിൽ വിളവൊരുക്കിയാണ് 22 സ്ത്രീകൾ നേട്ടം കൈവരിക്കുന്നത്. കൊയ്ത്തൊഴികെയുള്ള വരമ്പ് വെക്കല്‍, നടീല്‍, വിത്തിടല്‍, കള പറിക്കല്‍, വളം, മരുന്ന് പ്രയോഗം തുടങ്ങിയ എല്ലാ പണികളും ഇവരാണ് ചെയ്യുന്നത്. 66 കാരിയായ സരോജിനി സുകുമാരന്‍ മുതല്‍ 41 കാരിയായ സിനി ബൈജു വരെയുള്ള 22 സ്ത്രീകള്‍ ഒരേ മനസ്സോടെയാണ് കൃഷി ചെയ്യുന്നത്.
അതുകൊണ്ട് തന്നെ നിറ സമൃദ്ധിയാണ് കാരൂര് പാടം പകരം നല്‍കുന്നത്. ശരാശരി 18 ടണ്‍ നെല്ലാണ് ലഭിക്കാറുള്ളതെന്നാണിവര്‍ പറയുന്നത്. കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെ നെല്ലില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന നെല്ലാണ് സപ്ലൈകോക്ക് നല്‍കുന്നത്. പണിക്ക് വന്നില്ലെങ്കിൽ പിഴയീടാക്കുന്നുമുണ്ട്. വരമ്പുവെക്കുന്നത് മുതൽ കൊയ്ത്തുവരെയുള്ള പണികൾക്കെത്താത്ത അംഗങ്ങളിൽ നിന്ന് പിഴയീടാക്കുമെന്നതാണ് നിബന്ധന. വരമ്പുപണിക്ക് എത്താത്തവർ 250 രൂപയും മരുന്ന്, വളം, കൊയ്ത്ത് എന്നിവയാണെങ്കിൽ 1,000 രൂപയുമാണ് പിഴയൊടുക്കേണ്ടത്. അതുകൊണ്ടുതന്നെ പാടത്തെ പണിയിൽ നിന്നും മാറിനിൽക്കുന്നവർ കുറവാണ്.
ശരാശരി ഓരോ അംഗത്തിനും ഇരുപതിനായിരത്തിലുമധികം ലാഭം ലഭിക്കുന്നുണ്ടെന്നാണിവര്‍ പറയുന്നത്. ചാണകം, ചാരം എന്നിവയാണ് വളമായി കൂടുതലായി ഉപയോഗിക്കുന്നത്. പുഞ്ചയോ മുണ്ടകൻ വിരിപ്പോ അല്ലാത്ത തലപ്പുഞ്ചയായാണ് കൃഷി ചെയ്യുന്നത്. ഉമയാണ് വിത്ത്. കൊച്ചിലിപ്പാടത്ത് ഹരിതം കർഷക സമിതിയുടെ നേതൃത്വത്തിൽ 12 ഏക്കറിലും ഇവർ കൃഷി ചെയ്യുന്നുണ്ട്.