മാള (തൃശൂര്‍): പ്രതിസന്ധികളില്‍ തളരാതെ തന്റെ കുറവുകളെ കഴിവുകളാക്കി ശ്രദ്ധേയമായ നേട്ടവുമായി അസ്‌ന ഷെറിന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യപുരസ്‌കാരം നേടിയ സന്തോഷത്തിലാണിപ്പോള്‍ അസ്‌ന ഷെറിന്‍. അന്നമനടയിലെ അസ്‌ന ഷെറിന്‍ എന്ന 10ാം ക്ലാസ്സുകാരി വരയ്ക്കുന്ന ചിത്രങ്ങള്‍ ജീവിതം തുടിക്കുന്നവയാണ്. ചിത്രം വര മാത്രമല്ല, ബോട്ടില്‍ ആര്‍ട്ട്, അക്രിലിക് പെയിന്റിങ്, മുട്ടത്തോടിലും മറ്റും അലങ്കാരപ്പണികള്‍, കവിത, കഥ എഴുത്ത് അങ്ങനെ പോവുന്നു ഈ കൊച്ചുമിടുക്കിയുടെ കഴിവുകള്‍. സ്‌പൈനല്‍ മാസ്‌കുലാര്‍ അട്രോഫി എന്ന മസില്‍ വീക്കം വരുന്ന രോഗാവസ്ഥയെ തോല്‍പ്പിച്ചാണ് തന്റെ ഓരോ കലാസൃഷ്ടിക്കും അസ്‌ന ജീവന്‍ നല്‍കുന്നത്. അതിനിപ്പോള്‍ ഭിന്നശേഷി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യപുരസ്‌കാരം അസ്‌നയെ തേടിയെത്തിയിരിക്കുന്നു.
ഗ്ലാസ് പെയിന്റിങ്ങാണ് അസ്‌ന ചെയ്യുന്നത്. വരയോടും നിറങ്ങളോടുമുള്ള ഇഷ്ടം തന്നെയാണ് അസ്‌നയെ ചിത്രകാരിയാക്കിയത്. ഇരുന്നൂറോളം കലാസൃഷ്ടികള്‍ ഇതുവരെ ഈ മിടുക്കി ചെയ്തിട്ടുണ്ട്. അസ്‌നയുടെ ആഗ്രഹം പഠിച്ച് വലുതായി ഒരു ഐഎഎസ്സുകാരിയാവണമെന്നതാണ്. ഡ്രൈവറായ പിതാവ് ഷിയാദിനും മാതാവ് അനീസയ്ക്കും നാലാം ക്ലാസ്സുകാരി ഐഷയ്ക്കുമൊപ്പം അന്നമനട മേലഡൂരിലാണ് അസ്‌ന താമസിക്കുന്നത്. അസ്‌നയുടെ ഇഷ്ടങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പിന്തുണയും വേണ്ട സഹായവും നല്‍കുന്നത് ഈ മൂവര്‍ സംഘമാണ്. ഒരു ഭിന്നശേഷിക്കാരിയുടെ സ്വപ്‌നങ്ങളെ തളര്‍ത്താതെ ഒപ്പം നിന്ന് വേണ്ട സ്‌നേഹവും കരുതലും കൂടുതല്‍ നല്‍കി അസ്‌നയ്‌ക്കൊപ്പം നില്‍ക്കുകയാണ് ഈ കുടുംബം.
ഒന്നര വയസ്സിലാണ് അസ്‌നയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ മനസ്സിലായിത്തുടങ്ങുന്നതെന്ന് അസ്‌നയുടെ മാതാവ് അനീസ പറയുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടുവിന് ഓപറേഷനും പത്തുലക്ഷം രൂപ ചെലവില്‍ നടത്തിയിരുന്നു. സ്‌പൈനല്‍ മാസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ആയതിനാല്‍ മറ്റുള്ള കുട്ടികളെപോലെ സ്വന്തമായി എഴുന്നേറ്റുനടക്കാനോ സ്വന്തം കാര്യങ്ങള്‍ ചെയ്യാനോ അസ്‌നയ്ക്ക് കഴിയില്ല. മസില്‍ വീക്കമായതിനാല്‍ ഒരാളുടെ സഹായം എപ്പോഴും ആവശ്യമാണ്. മേലഡൂര്‍ ഗവ.സമിതി സ്‌കൂളിലാണ് അസ്‌ന പഠിക്കുന്നത്.
രാവിലെ മാതാവിന്റെയും പിതാവിന്റെയും കൂടെയാണ് സ്‌കൂളില്‍ പോയിവരുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ വീട്ടിലിരുന്നാണ് പഠനം. മകളുടെ പഠനത്തിനും മറ്റും സ്‌കൂള്‍ അധികൃതരും മറ്റും നല്‍കിവരുന്ന സഹകരണം വളരെ വലുതാണെന്ന് അനീസ പറയുന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി തിരുവനന്തപുരം കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ ഭാഗമായുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ നടന്ന സഹയാത്ര എന്ന പരിപാടിയിലും അസ്‌ന പങ്കെടുത്തിരുന്നു. സഹയാത്ര എന്ന പരിപാടിയും തനിക്ക് ഏറെ വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് അസ്‌ന പറയുന്നു.
ചിത്രം വരയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് അവിടെ ഉണ്ടായിരുന്നത്. ജില്ലാ കലക്ടറടങ്ങിയ സംഘം സംസ്ഥാന സര്‍ക്കാരിന് തന്റെ ചെറിയ കഴിവുകളെ ആദരിക്കുന്നതിനായി ശുപാര്‍ശ ചെയ്തതില്‍ ഏറെ സന്തോഷത്തിലാണ് അസ്‌ന. ജീവിതത്തിന്റെ പരിമിതികളെ കഴിവുകളാക്കി ഉയര്‍ത്തി ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുകയാണ് അസ്‌ന. 10ാം ക്ലാസിലായതിനാല്‍ പഠനത്തിരക്കിലുമാണിപ്പോള്‍ ഈ മിടുക്കി. അപ്പോഴും വര്‍ഷം തോറും ചികില്‍സയ്ക്കായി 75 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നത് കുടുംബത്തെ തീരാദു:ഖത്തിലാക്കുന്നു.