ഇശലിന്റെ തേനിമ്പം പകര്‍ന്ന ഓര്‍മകളുമായി പരിയാപുരത്തെ കുട്ടികള്‍

Update: 2021-10-13 11:54 GMT

പെരിന്തല്‍മണ്ണ: മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരന്‍ വി എം കുട്ടി ഹൃദയം തുറന്നുപാടുമ്പോള്‍ ചുറ്റുമിരുന്ന് കുട്ടികള്‍ താളംപിടിച്ചു. പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി. 'എഴുത്തിന്റെ വഴിയേ' പഠനയാത്രയുടെ ഭാഗമായി വി എം കുട്ടിയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരുടെ മനസ്സില്‍ പാട്ടിന്റെ സുഗന്ധം ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.

രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴുപതിറ്റാണ്ടിന്റെ'കഥകള്‍' കുട്ടികളോടു പങ്കിടാന്‍ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബിമലയാളം, എം എസ് ബാബുരാജുമൊത്തുള്ള യാത്രകള്‍, കത്തുപാട്ടുകള്‍, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരന്‍ കൂടിയായ അദ്ദേഹം പങ്കുവച്ചത് ഹൃദ്യാനുഭവമായി.

വിദ്യാരംഗം കോ-ഓഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, അധ്യാപകരായ കെ എസ് സിബി, നിഷ ജെയിംസ്, സ്വപ്‌ന സിറിയക്, ഭാരവാഹികളായ എം അബു ത്വാഹിര്‍, പി ഫാത്തിമ സഫ, ടി കെ മുഹമ്മദ് ഇഹ്‌സാന്‍, ജി ശോഭിത്ത്, എന്‍ അശ്വിന്‍ദേവ്, പി എച്ച് ഷിഹ്‌ല നെസ്മിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്. 2018 ജൂണ്‍ 30നായിരുന്നു കൂടിക്കാഴ്ച. വി എം കുട്ടിയോടൊപ്പമുള്ള മധുരമുള്ള ഓര്‍മകള്‍ വിദ്യാര്‍ഥി മനസ്സുകളില്‍ ഇപ്പോഴും താളംപിടിക്കുന്നതായി കുട്ടികള്‍ പറഞ്ഞു.

Tags:    

Similar News