ക്ണാപ്പന് പിന്നിലുമുണ്ട് ഒരു കഥ

എ ആര്‍ നാപ്പ് എന്ന ചുരുക്കപ്പേരിലാണ് ചരിത്രത്തില്‍ ഇദ്ദേഹം അറിയപ്പെടുന്നത്.

Update: 2021-07-13 15:26 GMT

കോഴിക്കോട്: ക്ണാപ്പ് പരിപാടി ആയിപ്പോയി, ആളൊരു ക്ണാപ്പനാ എന്നൊക്കെയുള്ള വിശേഷണങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തമാണ് ക്ണാപ്പ് എന്ന പ്രയോഗം. ക്ണാപ്പ് എന്ന വാക്കിന്റെ ശൈലി കേട്ടാല്‍ ആദ്യം തോന്നുക തൃശൂരുള്ള ആരോ ആണ് ഇതിന്റെ ഉപജ്ഞാതാവ് എന്നാണ്. പക്ഷേ മലബാറിന്റെ മജിസ്‌ട്രേറ്റും അസിസ്റ്റന്റ് കലക്ടറുമായിരുന്ന ഒരു ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഉദ്യോദസ്ഥന്റെ പേരില്‍ നിന്നാണ് ക്ണാപ്പ് പ്രയോഗം രൂപപ്പെട്ടത്.


സര്‍ ആര്‍തര്‍ റോലാന്‍ഡ് ക്ണാപ്പ് (നാപ്പ്) (Sir Arthur Rowland Knapp) എന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് മരണപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും കഴിവുകേടിന്റെയും വിഢിത്തത്തിന്റെയും പര്യായമായി പേര് ഉപയോഗിക്കപ്പെടുന്ന ഹതഭാഗ്യന്‍. എ ആര്‍ നാപ്പ് എന്ന ചുരുക്കപ്പേരിലാണ് ചരിത്രത്തില്‍ ഇദ്ദേഹം അറിയപ്പെടുന്നത്.

1891ല്‍ മലബാര്‍ മജിസ്‌ട്രേറ്റും അസിസ്റ്റന്റ് കലക്ടറുമായിരുന്നു അദ്ദേഹം. 1899ല്‍ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. മദ്രാസ് ലജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്കും ക്ണാപ്പന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. 1920ല്‍ മലബാറിലെ പൊലിസുകാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഗവര്‍ണര്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ക്ണാപ്പന്റെ റിപോര്‍ട്ട് പ്രകാരം പോലിസുകാരുടെ ശമ്പള വര്‍ധനവുള്‍പ്പടെയുളള ആവശ്യങ്ങള്‍ തഴയപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ പൊലിസുകാര്‍ കൊളളാത്ത പരിഷ്‌കാരം എന്ന അര്‍ത്ഥത്തില്‍ 'ക്ണാപ്പ് പരിഷ്‌കാരം' എന്ന് ഇതിനെ വിമര്‍ശിച്ചു. അതോടൊപ്പം ഇദ്ദേഹം റവന്യു വകുപ്പില്‍ ഉള്‍പ്പടെ നടത്തിയ ചില പരിഷ്‌കാരങ്ങളും പില്‍ക്കാലത്ത് വിഢിത്തമായി ചിത്രീകരിക്കപ്പെട്ടു. ഇതോടെ കഴിവുകേടിന്റെയും വിഢിത്തത്തിന്റെയും പര്യായമായി ക്ണാപ്പ് എന്ന പേര് മാറി. 1954ല്‍ 83ാം വയസ്സിലാണ് ആര്‍തര്‍ റോലാന്‍ഡ് ക്ണാപ്പ് അന്തരിച്ചത്.


Tags:    

Similar News