നെടുങ്കണ്ടം കസ്റ്റഡിമരണം; കുറ്റക്കാരായ പോലിസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് 45ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി
ജസ്റ്റിസ് നാരായണകുറുപ്പ് കമ്മിഷന്‍ ശുപാര്‍ശ പ്രകാരം നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍, കുറ്റക്കാരായ പോലിസുകാരെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. കൊല്ലപ്പെട്ട രാജ് കുമാറിന്റെ കുടുംബത്തിന് 45 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി നിയമസയില്‍ അറിയിച്ചു.
പോലിസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഡിജിപിക്ക്് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പോലിസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത വിവരം രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാലുദിവസം ക്രൂരമായി മര്‍ദിച്ചു. മരിക്കാറായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജൂണ്‍ 21ന് ജയിലില്‍ വച്ചാണ് രാജ് കുമാര്‍ മരണപ്പെട്ടത്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും വിവാദമായതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നെടുങ്കണ്ടം എസ്‌ഐ സാബു ഉള്‍പ്പെടെ ഏഴ് പോലിസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ കുറ്റാരോപിതരായ കേസ് വീണ്ടും പോലിസ് തന്നെ അന്വേഷിക്കുന്നതിനെതിരേ പരാതി ശക്തമായതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ഒന്നരവര്‍ഷത്തിനിടെ 73 സാക്ഷികളെ തെളിവെടുപ്പും റീ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയാണ് സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയത്.