കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പരാതി വ്യാജം; മാതാവ് നിരപരാധിയെന്ന് അന്വേഷണ സംഘം

കടയ്ക്കാവൂരില്‍ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചുവെന്ന കേസിലാണ് മാതാവ് നിരപരാധിയെന്ന് പോലിസ് കണ്ടെത്തിയിരിക്കുന്നത്.

Update: 2021-06-21 05:23 GMT

തിരുവനന്തപുരം: മാതാവ് മകനെ പീഡിപ്പെച്ചെന്ന കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ മാതാവ് നിരപരാധിയെന്ന് അന്വേഷണസംഘം. കടയ്ക്കാവൂരില്‍ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചുവെന്ന കേസിലാണ് മാതാവ് നിരപരാധിയെന്ന് പോലിസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 28നാണ് അപൂര്‍വമായ കേസില്‍ മാതാവ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ പോലിസാണ് വക്കം സ്വദേശിയായ മാതാവിനെ അറസ്റ്റ് ചെയ്തത്. മാതാവിനെതിരേ മകന്‍ മൊഴി നല്‍കിയ കേസ് വ്യാജമെന്നാണ് ഇപ്പോള്‍ പോലിസ് കണ്ടെത്തിയിരിക്കുന്നത്. ഹര്‍ഷിത അട്ടല്ലൂരിക്കായിരുന്നു അന്വേഷണ ചുമതല. ശാസ്ത്രീയ അന്വേഷണത്തിലാണ് 13കാരന്റെ മൊഴി വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് കുട്ടിയുടെ മാതാവ്. ഇതിനിടെ പിതാവ് മറ്റൊരാളെ വിവാഹം കഴിച്ചു. ഇത് മാതാവ് ചോദ്യം ചെയ്തിരുന്നു. ഇതാണ് മാതാവിനെതിരേ തിരിയാന്‍ കാരണമെന്നാണ് അറിയുന്നത്. ഭര്‍ത്താവാണ് മകനില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് പോലിസിനെ സമീപിക്കുന്നത്. പരാതി നല്‍കുന്ന ഘട്ടത്തില്‍ പിതാവിനൊപ്പമായിരുന്നു കുട്ടി. പോലിസ് കുട്ടിയെ ബാലാവകാശ കമ്മിഷന് മുന്നില്‍ ഹാജരാക്കി. അവരുടെ പരിശോധനയിലും മജിസ്‌ട്രേറ്റിന് മുന്നിലെ രഹസ്യമൊഴിയിലും മാതാവിനെതിരേ കുട്ടി ഉറച്ച് നിന്നിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ അന്വേഷണത്തില്‍ ആരുടെ പ്രേരണയാലാണ് കുട്ടിയുടെ മൊഴിയെന്ന് വ്യക്തമാക്കുന്നില്ല. ഇത് പോലിസിന്റെ പിഴവ് മറക്കാനാണെന്ന് ആക്ഷേപമുണ്ട്.

കേസ് എടുത്ത കടയ്ക്കാവൂര്‍ പോലിസിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.



Tags:    

Similar News