പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസ്: സിപിഎം വാര്‍ഡ് മെമ്പറും ഡിവൈഎഫ്‌ഐ നേതാവും റിമാന്‍ഡില്‍
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് മെംമ്പറാണ്(മരുതിക്കുന്ന്) റിമാന്റിലായത്
കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം സിപിഎം വാര്‍ഡ് മെമ്പറും ഡിവൈഎഫ്‌ഐ നേതാവും റിമാന്‍ഡില്‍. നാവായ്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് മെംമ്പര്‍(മരുതിക്കുന്ന്), മടവൂര്‍ വില്ലേജില്‍ മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുല്ല(44), ഡിവൈഎഫ്‌ഐ നേതാവ് മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍(32) എന്നിവരെയാണ് ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ നെയ്യാറ്റിന്‍കര ജയില്‍ ക്വാറന്റൈനിലേക്ക് മാറ്റിയതായി പള്ളിക്കല്‍ പോലിസ് തേജസ് ന്യൂസിനോട് പറഞ്ഞു. പള്ളിക്കല്‍ എസ്എച്ച്ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.
മരുതിക്കുന്ന് സ്വദേശിയായ, പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാര്‍ഡ്‌മെമ്പറും കൂട്ടാളിയും ചേര്‍ന്ന് നിരന്തരം ലൈംഗികമായി പിഡിപ്പിച്ചുവെന്നാണ് കേസ്. സഫറുല്ല സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയാണ്. പോക്‌സോ കേസ് പ്രതിയായതോടെ ഒളിവില്‍ പോയ സഫറുല്ലയെയും കൂട്ടാളിയെയും സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റു ചെയ്തിരുന്നു.