പീഡനശേഷം റിയാദിലേക്ക് മുങ്ങിയ കൊല്ലം സ്വദേശിയെ ഇന്റര്‍പോള്‍ പിടികൂടി
റിയാദിലെത്തിയ കൊല്ലം പോലിസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ നാട്ടിലേക്ക് കൊണ്ടുപോവും
റിയാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ശേഷം റിയാദിലേക്ക് മുങ്ങിയ കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ(39) ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി. റിയാദിലെത്തിയ കൊല്ലം പോലിസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ നാട്ടിലേക്ക് കൊണ്ടുപോവും. ഏറെക്കാലമായി റിയാദില്‍ ജോലിചെയ്യുന്ന സുനില്‍ കുമാര്‍ 2017ല്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്ന ഇദ്ദേഹം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിഞ്ഞതോടെയാണ് നിയമനടപടികളിലേക്കു നീങ്ങിയത്. അധ്യാപകര്‍ ചൈല്‍ഡ് ലൈനിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി നിരന്തര പീഡനത്തിനിരയായതായി വ്യക്തമായി. തുടര്‍ന്ന് പോക്‌സോ വകുപ്പ് ചുമത്തി അന്വേഷണം നടക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ ഭദ്രന്‍ റിയാദിലേക്ക് മുങ്ങിയത്. പെണ്‍കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെങ്കിലും ഇവിടെ വച്ച് കുട്ടിയും മറ്റൊരു അന്തേവാസിയും കൂടി ആത്മഹത്യ ചെയ്യുകയായിരുന്നു.
റിയാദില്‍ കഴിയുകയായിരുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിനെ സമീപിച്ചതിനെ തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന്, മൂന്നാഴ്ച മുമ്പ് റിയാദില്‍ നിന്ന് പിടികൂടിയ സുനില്‍കുമാറിനെ അല്‍ഹൈര്‍ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ആദ്യമായാണ് സൗദിയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇന്ത്യയ്ക്കു കൈമാറുകയും ചെയ്യുകയും ചെയ്യുന്നത്. സൗദിയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറണമെന്ന ധാരണ പ്രകാരം ഭീകരവാദം, തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇന്റര്‍പോള്‍ പിടികൂടി ഇന്ത്യയ്ക്കു കൈമാറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പോക്‌സോ കേസ് പ്രതിയെ പിടികൂടി കൈമാറുന്നത്.മെറിന്‍ ജോസഫിനു പുറമെ കൊല്ലം ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസി. പോലിസ് കമീഷണര്‍ എം അനില്‍കുമാര്‍, ഓച്ചിറ സിഐ ആര്‍ പ്രകാശ് എന്നിവരും കൂടെയുണ്ടായിരുന്നു.