കുട്ടികൾക്കെതിരായ ലൈംഗീക ചൂഷണം: സൈബര്‍ ഡോമും ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കും
നിലവില്‍ ഇന്റര്‍പോളും ഐസിഎംഇസിയും കുട്ടികളുടെ ലൈംഗീക ചൂഷണത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ രാജ്യത്താകമാനം സഹായങ്ങള്‍ നല്‍കിയിരുന്നു. കേരള പോലിസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ അധികൃതര്‍ കേരളത്തില്‍ നേരിട്ടെത്തി ഇതിനെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക ചൂഷണത്തിന് എതിരെ കേരള പോലിസിന് കീഴിലെ സൈബര്‍ ഡോമും രാജ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്തെ സൈബര്‍ഡോം ആസ്ഥാനത്ത് എത്തിയ ഓസ്‌ട്രേലിയയിലെ ക്യൂണ്‍സ് ലാന്റ് പോലിസ് സര്‍വ്വീസിലെ സീനിയര്‍ഡിറ്റക്ടീവ് ജോണ്‍ റോസും ഐസിഎംഇസി ലാ - എന്‍ഫോഴ്‌സ്‌മെന്റിലെ ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടറുമായ ഗുല്ലിര്‍മോ ഗലാര്‍സയും സൈബര്‍ ഡോം നോഡല്‍ ഓഫീസറും എഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നിലവില്‍ ഇന്റര്‍പോളും ഐസിഎംഇസിയും കുട്ടികളുടെ ലൈംഗീക ചൂഷണത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ രാജ്യത്താകമാനം സഹായങ്ങള്‍ നല്‍കിയിരുന്നു. ആക്കൂട്ടത്തില്‍ കേരള പോലിസിന് നല്‍കിയ സഹായത്തിന്റെ ഫലമായി കേരള പോലിസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ അധികൃതര്‍ കേരളത്തില്‍ നേരിട്ടെത്തി ഇതിനെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.
സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ഇരുവര്‍ക്കും എഡിജിപി മനോജ് എബ്രഹാം സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് നല്‍കുകയും ഓപ്പറേഷന്‍ ഹണ്ടിന്റെ ഫലമായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍പോള്‍ പൂര്‍ണ പിന്‍തുണ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സഹായകരമായ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍പോള്‍ സൈബര്‍ ഡോമിന് കൈമാറും.
ഇത് കൂടാതെ കേരള പോലിസിന് ഇന്റര്‍പോളിന്റെ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമ കേസുകളില്‍ അന്വേഷണത്തിനും മറ്റും ഇന്റര്‍പോളിലെ സൈബര്‍ വിഗദ്ധരുടെ സഹായവും സംഘം ഉറപ്പ് നല്‍കി. ബറ്റാലിയന്‍ ഡിഐജി പി പ്രകാശ്, സൈബര്‍ഡോം ഓപ്പറേറ്റിങ് ഓഫീസര്‍ പ്രകാശ തുടങ്ങിയവരും പങ്കെടുത്തു.