പോത്തന്‍കോട് കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ഗുണ്ടാത്തലവന്‍ ഒട്ടകം രാജേഷിനെ പിടികൂടാനായില്ല
ഒന്നാം പ്രതി അഴൂര്‍ ഉണ്ണി മൂന്നാം പ്രതി ശ്യാം എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഒന്നാം പ്രതി സുധീഷ് ഉണ്ണി മൂന്നാം പ്രതി ശ്യാം എന്നിവരാണ് പിടിയിലായത്. പിടിയിലായ മൂന്നാം പ്രതി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇതോടെ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. രണ്ടാം പ്രതിയും ഗുണ്ടാ സംഘത്തലവനുമായ ഒട്ടകം രാജേഷിനെയാണ് ഇനി പിടികൂടാനുള്ളത്.
അരും കൊലയ്ക്ക് പിന്നില്‍ വ്യത്യസ്ത സംഭവങ്ങളിലെ പ്രതികാരമെന്ന് സൂചന. ഭാര്യാ സഹോദരനും കേസിലെ മൂന്നാം പ്രതിയുമായ ശ്യാംകുമാറിനെ അറസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലിസ്. ശ്യാംകുമാറും കൊല്ലപ്പെട്ട സുധീഷുമായി കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
അടുത്തിടെ ശ്യാംകുമാറിനെ സുധീഷ് മര്‍ദ്ദിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി എന്ന അഴൂര്‍ ഉണ്ണിക്കാണ് സുധീഷിനോട് കൂടുതല്‍ പകയുണ്ടായിരുന്നത്. ഉണ്ണിയുടെ അമ്മയ്ക്ക് നേരെ നാടന്‍ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഉണ്ണി നേരത്തെ തന്നെ സുധീഷിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഒട്ടകം രാജേഷിനൊപ്പം കൊലയാളി സംഘമൊരുക്കുന്നത് സംബന്ധിച്ച നിര്‍ണായ പങ്കുവഹിച്ചതും ഇയാള്‍ തന്നെയാണ്. ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിലാണ്.