തുമ്പയില്‍ ട്രെയില്‍തട്ടി രണ്ട് പേര്‍ മരിച്ച നിലയില്‍; രാത്രി ഫോണില്‍ സംസാരിക്കവേ ട്രെയിന്‍ തട്ടിയതാകാമെന്ന് പോലിസ്
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍(39), ഗണേഷ് ഒറാന്‍(26) എന്നിവരാണ് മരിച്ചത്. കുളത്തൂര്‍ ചിത്തിര നഗറില്‍ റെയില്‍പാളത്തിന് സമീപത്താണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.
രാത്രി ഫോണില്‍ സംസാരിക്കവേ ട്രെയിന്‍ തട്ടിയതാകാമെന്ന് തുമ്പ പോലിസ് പറഞ്ഞു. മൃതദേഹത്തിനരികില്‍ മൊബൈല്‍ ഫോണും ഹെഡ് സെറ്റും ഉണ്ടായിരുന്നു.
രണ്ട് പേരും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോയ തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്. റെയില്‍വേ പോലിസും തുമ്പ പോലിസും സ്ഥലത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.