പുളിപ്പറമ്പിൽ പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെ ഒത്താശയോടെയെന്ന് കോൺ​ഗ്രസ്

ഉദ്യോഗസ്ഥർ എൽഡിഎഫ് നേതാക്കളുടെ സമ്മർദങ്ങൾക്ക് വഴങ്ങി അംഗീകാരം നൽകിയെന്നാണ് കരുതുന്നത്. നിർമ്മാണങ്ങൾ തടഞ്ഞ് ഗ്രാമപഞ്ചായത്ത് നോട്ടിസ് നൽകിയതിനെതിരേ ട്രസ്റ്റ് കോടതിയെ സമീപിച്ചാണ് അനുകൂല തീരുമാനം ഉണ്ടാക്കിയത്.

Update: 2022-07-05 18:01 GMT

മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ പുളിപ്പറമ്പിൽ സിഎഫ്ഐ ട്രസ്റ്റ് സ്ഥാപനം പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണെന്ന ആരോപണവുമായി കോൺഗ്രസ്. ടൗൺ പ്ലാനർ അംഗീകരിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് മതിലടക്കമുള്ള മറ്റൊരു പ്ലാൻ തയ്യാറാക്കി ഉദ്യോഗസ്ഥരുടെ അംഗീകാരം നേടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഉദ്യോഗസ്ഥർ എൽഡിഎഫ് നേതാക്കളുടെ സമ്മർദങ്ങൾക്ക് വഴങ്ങി അംഗീകാരം നൽകിയെന്നാണ് കരുതുന്നത്. നിർമ്മാണങ്ങൾ തടഞ്ഞ് ഗ്രാമപഞ്ചായത്ത് നോട്ടിസ് നൽകിയതിനെതിരേ ട്രസ്റ്റ് കോടതിയെ സമീപിച്ചാണ് അനുകൂല തീരുമാനം ഉണ്ടാക്കിയത്. ഇതിനു ശേഷമാണ് കർഷകർ നൽകിയ ഹരജിയിൽ ഇടക്കാല ഉത്തരവ് ഉണ്ടായത്. കൈയേറ്റത്തിന് ഒത്താശ ചെയ്തവർ സ്ഥാപനത്തിൽ നടന്ന നിർമ്മാണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ട്രസ്റ്റിനെതിരായി കോടതി വിധി ഉണ്ടായപ്പോഴും കൈയേറ്റം ഉണ്ടെന്ന ഗ്രാമപഞ്ചായത്ത് കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സർവേയർ അളന്ന് കണ്ടെത്തിയപ്പോഴും എൽഡിഎഫ് രംഗത്തുവന്നതിനെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. കർഷകർ നടത്തിയ നിയമപോരാട്ടം ഗ്രാമപഞ്ചായത്തിന് സഹായകരമായെന്നും അവർ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ സാബു കൈതാരൻ, വക്കച്ചൻ അമ്പൂക്കൻ, സി ജെ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

Similar News