കൊവിഡ് വ്യാപനം: വയനാട്ടിൽ അധിക ക്രമീകരണങ്ങൾക്കായി കലക്ടറുടെ ഉത്തരവ്
രോഗം സ്ഥിരീകരിക്കുന്നവര്‍ അതാത് പഞ്ചായത്തിന് കീഴിലുള്ള സിഎഫ്എല്‍ടിസികളില്‍ ചികില്‍സ തുടരേണ്ടതാണെന്നും, രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ സെന്ററുകളില്‍ പഞ്ചായത്ത് സജ്ജീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സിഎഫ്എല്‍ടിസികള്‍ തുറന്ന് പ്രവർത്തിപ്പിക്കുക എന്നിവ ഉള്‍പ്പെടെ അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവിട്ടു.
രോഗം സ്ഥിരീകരിക്കുന്നവര്‍ അതാത് പഞ്ചായത്തിന് കീഴിലുള്ള സിഎഫ്എല്‍ടിസികളില്‍ ചികില്‍സ തുടരേണ്ടതാണെന്നും, രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ സെന്ററുകളില്‍ പഞ്ചായത്ത് സജ്ജീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വീടുകളില്‍ ചികില്‍സ തേടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും, ഇത് പഞ്ചായത്തിലെ ആര്‍ആര്‍ടി വിഭാഗം ഉറപ്പാക്കണം.
രോഗ ബാധിതരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്നും ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2018 പ്രകാരം കേസെടുക്കുമെന്നും, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ സെന്ററുകളിലാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിലവില്‍ 20 പേര് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. പങ്കെടുക്കുന്നവരെ സംബന്ധിച്ചുള്ള വിവരം മുന്‍കൂറായി അതാത് സ്‌റ്റേഷന്‍ ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരെ അറിയിക്കേണ്ടതാണെന്നും, ഇത്തരം ചടങ്ങുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്, തഹസില്‍ദാര്‍, ഡിവൈഎസ്പി തുടങ്ങിയവര്‍ സന്ദര്‍ശിക്കണമെന്നും, ചടങ്ങുകളില്‍ ഭക്ഷണം പാര്‍സല്‍ മാത്രമേ നല്‍കാന്‍ പാടുള്ളു എന്നും ഉത്തരവില്‍ പറയുന്നു.