മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
മലബാര്‍ മന്ത്രിയെന്ന വിശേഷണമാണ് സമ്മേളന പ്രതിനിധികള്‍ മുഹമ്മദ് റിയാസിനെതിരേ ഉന്നയിച്ചത്
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശം. മലബാര്‍ മന്ത്രിയെന്ന വിശേഷണമാണ് സമ്മേളന പ്രതിനിധികള്‍ മുഹമ്മദ് റിയാസിനെതിരേ ഉന്നയിച്ചത്. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമാണ് നല്‍കുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ്ണ അവഗണനയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.
കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പിനെതിരേയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പോലിസില്‍ നിന്നും വലിയ വീഴ്ച്ചകളുണ്ടായെന്നും, ഇത്തരം വീഴ്ച്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും, പോലിസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും വകുപ്പിന് സ്വന്തമായി ഒരു മന്ത്രിയെ വേണമെന്നും സമ്മേളനം വിലയിരുത്തി.പോലിസിന് വീഴ്ച പറ്റിയതായും മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനത്തില്‍ മറുപടി നല്‍കി.
സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.