പൊയ്യയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു; 20 രൂപക്ക് ഊണ്
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ ആരംഭിച്ചത്. ഹോട്ടലിനാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്താണ് ഒരുക്കി നല്‍കുന്നത്.
മാള(തൃശൂര്‍): പൊയ്യയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലില്‍ എത്തി പാഴ്‌സല്‍ വാങ്ങുന്നവര്‍ക്ക് 20 രൂപക്ക് ഊണ് കിട്ടും. വീടുകളില്‍ എത്തിക്കണമെങ്കില്‍ അധികം അഞ്ചു രൂപ നല്‍കണം. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പാഴ്‌സല്‍ സേവനം മാത്രമാണ് ഉണ്ടാകുക.
ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ മൂന്നു നേരവും കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കാനാണ് ആലോചനയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ ആരംഭിച്ചത്. ഹോട്ടലിനാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്താണ് ഒരുക്കി നല്‍കുന്നത്.
ഹോട്ടലിന്റെ ഉദ്ഘാടനം വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ സിബി ഫ്രാന്‍സീസ്, വിജീഷ്, ടി എം രാധാകൃഷ്ണന്‍, കുട്ടന്‍, മിനി അശോകന്‍, ശുഭ, സരോജം വേണുശങ്കര്‍, സി പി ഐ ലോക്കല്‍ സെക്രട്ടറി ഹക്കിം, സി എസ് രഘു, ഗിരിജ വാമനന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയര്‍ സന്നിഹിതരായിരുന്നു. ഹോട്ടലിലേക്ക് ആവശ്യമായ അരി കിലോഗ്രാമിന് 10.90 രൂപക്ക് സിവില്‍ സപ്ലൈയ്‌സ് നല്‍കും. കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ ആദ്യ ജനകീയ ഹോട്ടലാണിത്. സംസ്ഥാനത്തൊട്ടാകെ ജനകീയ ഹോട്ടല്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഓണത്തിനു മുന്‍പ് 1000 ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.