കെ കരുണാകരന്‍ സ്പോർട്സ് അക്കാദമി വിസ്മൃതിയിലേക്ക്
വലിയപറമ്പില്‍ വി കെ രാജന്‍ സ്മാരക സ്റ്റേഡിയം നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്.
തൃശൂർ: മാളയുടെ കായിക സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തികൊണ്ട് മാള കെ കരുണാകരന്‍ സ്പോർട്സ് അക്കാദമി വിസ്മൃതിയിലേക്ക്. മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച കെ കരുണാകരന്‍ സ്മാരക സ്പോർട്സ് അക്കാദമി നിലനിര്‍ത്താന്‍ യാതൊരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെതിരേ ജനരോഷം ശക്തമാവുകയാണ്. പുതിയ ബഡ്ജറ്റിലും സ്പോർട്സ് അക്കാദമിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടില്ല. ഇതോടെ അവശേഷിക്കുന്ന നിർമ്മാണം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.
അതേസമയം വലിയപറമ്പില്‍ വി കെ രാജന്‍ സ്മാരക സ്റ്റേഡിയം നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. ആധുനിക സ്പോർട്സ് അക്കാദമി നിലകൊള്ളുന്നത് ജൂത സെമിത്തേരിയിലാണ്. സെമിത്തേരിയില്‍ സ്പോട്സ് അക്കാദമി നിര്‍മ്മിച്ചത് അനധികൃതമായിട്ടാണെന്ന നിലപാടിനെ പിന്തുണക്കുന്ന ഇടതുപക്ഷത്തിന്റെ ഭരണസമിതിയാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ഇതും സ്പോര്‍ട്സ് അക്കാദമി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് തടസമായി മാറിയിരിക്കുകയാണ്.
ഏതായാലും മാളയിലെ കെ കരുണാകരൻ സ്മാരക സ്പോര്‍ട്സ് അക്കാദമി ഇപ്പോൾ തന്നെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. സ്റ്റേഡിയത്തില്‍ വിരിക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നിന്നെത്തിച്ച കൃത്രിമപുല്ലും അനുബന്ധ വസ്തുക്കളും നാശോന്‍മുഖമായിരിക്കുകയാണ്. സ്പോര്‍ട്സ് അക്കാദമിയുടെ ഫുട്ബോള്‍ കോര്‍ട്ടില്‍ വിരിക്കാനായി ഫിന്‍ലന്‍ഡില്‍ നിന്നുമെത്തിച്ച കൃത്രിമപുല്ലും പുല്ലിനടിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകേണ്ടതായ റബ്ബര്‍ പെല്ലറ്റും പശയുമടങ്ങിയ വസ്തുക്കളാണ് നശിക്കുന്നത്.
60 ലക്ഷം രൂപ ചെലവഴിച്ച് എത്തിച്ച ഈ നിർമാണ സാമഗ്രികൾ സ്റ്റേഡിയത്തിനകത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ പാകുന്നതിനോ ഫുട്ബോള്‍ കോര്‍ട്ടടക്കമുള്ള സിന്തറ്റിക്ക് ട്രാക്ക് പ്രവര്‍ത്തന സഞ്ജമാക്കുന്നതിനോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവുമുണ്ടായില്ല. 3.535 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള 15 റോള്‍ കൃത്രിമപുല്ലിന്‍റെ ഷീറ്റുകളാണ് ഇറക്കുമതി ചെയ്തത്. ഇവ സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ ഷട്ടറിന്‍റെ പൂട്ടും സ്റ്റേഡിയത്തിനകത്തെ ശുചിമുറിയുടേയും ഓഫീസിന്‍റേയും പൂട്ടുകളും സാമൂഹ്യ വിരുദ്ധർ തകര്‍ത്ത സ്ഥിതിയിലാണ്.