ശാപമോക്ഷം കാത്ത് കൊച്ചുകടവ് - കുണ്ടൂര്‍ റോഡ്
കാര്‍ഷിക ഗ്രാമമായ കുണ്ടൂരിലേയും മറ്റും കാര്‍ഷികോല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ചാലക്കുടിയിലേക്കും മറ്റും എത്തിക്കാനുമടക്കം ഒട്ടേറെ സാധ്യതകളിലേക്കാണ് പാത വഴി തുറക്കുക.
മാള: പതിറ്റാണ്ടുകളായി തുടരുന്ന മുറവിളികള്‍ക്കും പോരാട്ടങ്ങള്‍ക്കും ഫലം കാണാതെ ശാപമോക്ഷം കാത്ത് കൊച്ചുകടവ് - കുണ്ടൂര്‍ റോഡ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേരുടെ സ്വപ്നമാണ് റോഡിലൂടെയുള്ള സുഖമമായ യാത്ര.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്ര വാര്‍ത്തകളേയും മറ്റും തുടര്‍ന്ന് ആവശ്യമായ വീതിയില്‍ സ്ഥലം നല്‍കിയാല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുകൂടി 2010 ജൂലൈ അഞ്ചിന് ശ്രമദാനത്തിലൂടെ റോഡിന് എട്ടുമീറ്റര്‍ വീതി വരുത്തിയിരുന്നു. എന്നാല്‍ ചിലര്‍ തങ്ങളുടെ മതിലും മറ്റും പൊളിച്ച് റോഡിന് വീതി കൂട്ടിയതിനെതിരേ കോടതിയെ സമീപിച്ചു. നൂറുകണക്കിന് ആളുകള്‍ മതിലും വേലിയും പൊളിച്ച് റോഡിന് വീതി കൂട്ടാനുണ്ടായിരുന്നെങ്കിലും നാല് പേരെ തിരഞ്ഞു പിടിച്ചാണ് അവര്‍ക്കെതിരേ കേസ് കൊടുത്തത്.
റോഡ് ശ്രമദാനത്തിലൂടെ വീതി കൂട്ടിയ വേളയില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍ദേശാനുസരണം പിഡബ്ല്യുഡി എന്ന് രേഖപ്പെടുത്തിയ അതിര്‍ത്തി കുറ്റികള്‍ നാട്ടുകാര്‍ സ്ഥാപിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് 15 ലക്ഷം രൂപ വീതം മൂന്നു സെക്ഷനായി 45 ലക്ഷം രൂപയും അനുവദിക്കുകയും ചെയ്തിരുന്നു. റോഡ് കേസിലകപ്പെട്ടതോടെ അനുവദിക്കപ്പെട്ട തുക മാരേക്കാട് റോഡിനായി വകമാറ്റി. നിലവില്‍ റോഡിന്‍റെ പല ഭാഗവും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്.
റോഡിന് ആവശ്യമായ വീതി വരുത്തിയെങ്കിലും റോഡ് പണിയാത്തതിനാലും വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാലും വീതി വര്‍ധിപ്പിച്ചതിന്‍റെ ഗുണം അനുഭവിക്കാന്‍ ജനത്തിനായിട്ടില്ല. പല ഭാഗത്തും കുറ്റിക്കാടുകള്‍ നിറഞ്ഞ അവസ്ഥയിലുമാണ്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നല്ല രീതിയില്‍ പണിതാല്‍ ആയിക്കണക്കിനാളുകള്‍ക്കും നൂറു കണക്കിന് വാഹനങ്ങള്‍ക്കും വളരെയേറെ ഉപകാരപ്രദമാകും.
ചാലക്കുടി - അന്നമനട -എരവത്തൂര്‍ -കൊച്ചുകടവ് -കുണ്ടൂര്‍ - കണക്കന്‍കടവ് വഴി പറവൂരിലേക്ക് ഏറ്റവും എളുപ്പ മാര്‍ഗ്ഗവുമാകും. കാര്‍ഷിക ഗ്രാമമായ കുണ്ടൂരിലേയും മറ്റും കാര്‍ഷികോല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ചാലക്കുടിയിലേക്കും മറ്റും എത്തിക്കാനുമടക്കം ഒട്ടേറെ സാധ്യതകളിലേക്കാണ് പാത വഴി തുറക്കുക. കേസെല്ലാം തീര്‍ന്ന് പ്രശ്നങ്ങള്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴക്കാലം കൂടിയായപ്പോള്‍ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമായിരിക്കയാണ്. റോഡിന് വീതി കൂട്ടിയിട്ട് 11 വര്‍ഷക്കാലമായതോടെ ശ്രമദാനത്തിലൂടെ കൂട്ടിയ വീതി കയ്യേറ്റത്തിലൂടെ കുറഞ്ഞു വരുന്ന പ്രവണതയുമുണ്ട്. ചിലര്‍ പഴയ പടി വേലിപ്പത്തലുകളിടുമെന്ന നിലപാടിലുമാണ്. ജനങ്ങളെ ഇനിയും കബളിപ്പിക്കാതെ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും സഞ്ചാരയോഗ്യമാക്കുകയും ചെയ്യണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.