കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി മരിച്ച സംഭവം;വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരേ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

Update: 2022-02-08 05:01 GMT

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി മരിച്ച സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് അതിരപ്പിള്ളി പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

വാല്‍പ്പാറ, മലക്കപ്പാറ ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് അതിരപ്പിള്ളി വഴി വരുന്ന പ്രധാന റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. വര്‍ഷങ്ങളായി ഈ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ആന, കാട്ടുപന്നി കുരങ്ങ്, അണ്ണാന്‍, മാന്‍ തുടങ്ങിയ മൃഗങ്ങളുടെ ആക്രമണം നാട്ടുകാര്‍ക്കു നേരെ ഉണ്ടാകുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ ഉപരോധം.ജനങ്ങളുടെ ജീവന് ഭീഷണിയായ സാഹചര്യത്തില്‍കൂടിയാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നതാണ് ഇവരുടെ ആവശ്യം.

Tags:    

Similar News