സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായി പയ്യോളി ജനമൈത്രി പോലിസ്

വിവിധ സന്നദ്ധസംഘടനകളും വാട്‌സ് ആപ് ഗ്രൂപ്പുകളും നല്‍കിയ സഹായങ്ങള്‍ സ്‌റ്റേഷനില്‍ വച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടി തിക്കോടി പഞ്ചായത്ത് അംഗം ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-06-26 15:39 GMT

പയ്യോളി: സാമൂഹിക സേവനമേഖല പോലിസുകാര്‍ക്ക് അന്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പയ്യോളിയിലെ ജനമൈത്രി പോലിസ്. ഏറെനാളായി അസുഖബാധിതയായി കിടക്കുകയായിരുന്ന തിക്കോടി പഞ്ചായത്തിലെ വട്ടക്കുനിയില്‍ രമയുടെ അടിയന്തിര ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനും, വാഹനാപകടത്തില്‍ പരിക്ക് പറ്റി ആറ് വര്‍ഷക്കാലം കിടപ്പിലായ ഫിറോസിന് സൗജന്യമായി പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കിയുമാണ് ജനമൈത്രി പോലിസ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. രമ അസുഖം ബാധിച്ച് ചെറിയ കച്ചവടം നടത്തി ഉപജീവനം നടത്തി വരവെ കാലിന്റെ എല്ല് ജോയിന്റില്‍ നിന്നും ഇളകിപ്പോയതിനാല്‍ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പ്രശ്‌നം പോലിസിന്റെ ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ സന്നദ്ധ സംഘടനകളുമായും പയ്യോളിയിലെ വാട്‌സ്ആപ് ഗ്രൂപ്പുകളുമായും ആലോചിച്ച് സഹായമെത്തിക്കാന്‍ ജനമൈത്രി പോലിസ് രംഗത്തു വരികയായിരുന്നു.

വിവിധ സന്നദ്ധസംഘടനകളും വാട്‌സ് ആപ് ഗ്രൂപ്പുകളും നല്‍കിയ സഹായങ്ങള്‍ സ്‌റ്റേഷനില്‍ വച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടി തിക്കോടി പഞ്ചായത്ത് അംഗം ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്തു. എസ്‌ഐ പ്രകാശന്‍ അധ്യക്ഷനായി. ശ്രീബേഷ് കൊടക്കാട്, ഇ സി ഷിഹാബ് എന്നിവര്‍ സഹായങ്ങള്‍ വിതരണം ചെയ്തു. പിആര്‍ഒ ശ്രീജിത്ത്, എസ്‌സിപിഒമാരായ ശിവദാസന്‍, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജംഗീഷ് കടവത്ത് സ്വാഗതവും ജിജോ വാലിയില്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News