ബിവ്റേജസ് കോർപറേഷൻ ഔട്ട് ലെറ്റ് ലഭിക്കാനായി പള്ളിയിലേക്കുള്ള നടവഴി തടഞ്ഞ് സ്വകാര്യ വ്യക്തി
ബിവറേജസ് ഔട്ട്‌ലെറ്റ് അനുവദിച്ച് കിട്ടുന്നതിന് വേണ്ടി സമീപത്തുള്ള മുസ്‌ലിം പള്ളിയിലേക്കുള്ള നടവഴി സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതായി പരാതി.
തൃശൂർ: മാള ടൗണിൽ പഞ്ചായത്ത് ബസ് സ്റ്റാൻ്റിന് എതിർവശത്ത് മുമ്പ് ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റ് അനുവദിച്ച് കിട്ടുന്നതിന് വേണ്ടി സമീപത്തുള്ള മുസ്‌ലിം പള്ളിയിലേക്കുള്ള നടവഴി സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതായി പരാതി. പതിമൂന്ന് വർഷത്തോളമായി വിശ്വാസികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകൾ ഇതുവഴി ആരാധനാലയത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരുന്നവഴിയാണ് കെട്ടിയടച്ചത്.
ഇതെ തുടർന്ന് വിശ്വാസികൾ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ദുരുദ്ദേശത്തോട് കൂടി നടവഴിക്ക് കുറുകെ കരിങ്കല്ല് അടിച്ച് വഴിയടക്കുകയും ചെയ്തു. പള്ളിയും ഔട്ട്ലൈറ്റും തമ്മിലുള്ള ദൂരപരിധിയിൽ മാറ്റം വരുത്തുന്നതിനുവേണ്ടി മനപൂർവ്വം വഴി അടച്ചു കെട്ടിയതെന്നാണ് ഉയരുന്ന ആക്ഷേപം.
മതമേലധ്യക്ഷൻമാരുടെ ഇടപെടലിനെ തുടർന്നാണ് വലിയ സംഘർഷസാധ്യത ഒഴിവായത്. ഈ വിഷയത്തിൽ വലിയ എതിർപ്പാണ് വിശ്വാസി സമൂഹത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങളും സമരങ്ങളും ഈ വിഷയത്തിലെ ഗൗരവം പരിഗണിച്ച് ബിവറേജസ് ഔട്ട്ലെറ്റ് പള്ളിക്ക് സമീപത്ത് അനുവദിക്കാതിരിക്കാനുള്ള സത്വര നടപടികൾ ബെവ്കോ ഉദ്യോഗസ്ഥരും എക്സൈസ് അധികാരികളും സ്വീകരിക്കണമെന്ന് പള്ളികമ്മറ്റി ഭാരവാഹികൾ അറിയിച്ചു.