കോഴികളെ പട്ടാപ്പകല്‍ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു
ഇരുപതിലധികം കോഴികളെയാണ് തെരുവ് നായ്ക്കള്‍ കൊന്നത്
മാള: തൃശൂർ മാളയിൽ കോഴികളെ പട്ടാപ്പകല്‍ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. കൊച്ചുകടവ് കാട്ടൂത്തറയില് വാടകക്ക് താമസിക്കുന്ന നമ്പൂരിമഠത്തില്‍ റഫീഖിന്റെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളെയാണ് തെരുവ് നായ്ക്കള്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കടിച്ചു കൊന്നത്. വീട്ടുകാര്‍ വീട്ടിലില്ലാത്ത നേരത്തായിരുന്നു തെരുവു നായ്ക്കളുടെ ആക്രമണം.
ഇരുപതിലധികം കോഴികളെയാണ് തെരുവ് നായ്ക്കള്‍ കൊന്നത്. നൂറിലധികം കോഴികളെയാണ് റഫീഖ് വളര്‍ത്തിയിരുന്നത്. ഇതില്‍ ഇരുപതോളം കോഴിക്കുഞ്ഞുങ്ങളെ ഒരു മാസത്തോളം മുമ്പ് തെരുവ് നായ്ക്കള്‍ കൊന്നിരുന്നു. അതിന് ശേഷവും പത്തോളം കോഴികളെ വീതം രണ്ട് തവണയായി കൊന്നിരുന്നു. ഇനി അവശേഷിക്കുന്നത് ഇരുപതോളം കോഴികളാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി കരാറെടുത്തവര്‍ കൊണ്ട് പോയിരുന്നു. എന്നാല്‍ തിരികെ എത്തിച്ചത് ഇരട്ടിയിലേറെ നായ്ക്കളെയാണ്. ഈ നായ് കൂട്ടങ്ങള്‍ ഒരുപാട് ശല്ല്യമാണ് നാട്ടുകാര്ക്കുണ്ടാക്കുന്നത്. ആളുകള്‍ വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും മുയലുകളേയും ആടുകളെയും തെരുവ് നായ്ക്കള്‍ ആക്രമിച്ച് കൊല്ലുന്ന പ്രവണത കൂടി വരികയാണ്. കുഴൂര്‍ ഗ്രാമപഞ്ചായത്തധികൃതര്‍ തെരുവ് നായ്ക്കളുടെ കാര്യത്തില്‍ അടിയന്തിരമായിടപെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരില്‍ നിന്നുമുയരുന്ന ആവശ്യം.